മലപ്പുറം: പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് സമർപ്പിച്ചിട്ടുണ്ടെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറുമെന്നും മന്ത്രി എടപ്പാളിൽ പറഞ്ഞു.
കണ്ടനകം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആന്ഡ് റിസർച്ചി(ഐഡിടിആർ)ൽ നടന്ന അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമബോധവാൻമാരാകുമെന്നും ഇത് വാഹനാപകടങ്ങൾ കുറക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. ലേണേഴ്സ് ടെസ്റ്റിന് വരുന്ന ചെലവ് കുറയ്ക്കാൻ കഴിയുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.