കോഴിക്കോട്: മാനുഷിക ബോധമുളളവരും രാജ്യസ്നേഹമുളളവരും ഇന്ത്യ എന്ന നാമത്തിന് പിന്നില് അടിയുറച്ച് നില്ക്കണമെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. അബ്ദുൽ ഹക്കിം അസ്ഹരി. ഇതര മതങ്ങള് ഒന്നിച്ചു ചേരുന്ന, 'ചെത്തിയും ചെമ്പന്തിയും ചെമ്പരത്തിയും ചാരെ പിച്ചക ചെണ്ടും ചേര്ന്ന് മന്ദിരാങ്കണം പോലെ'യെന്നാണ് ആശാന് പറഞ്ഞത്. ഇത് തന്നെയാണ് അല്ലാമ ഇഖ്ബാലും പാടിയത്. ഇന്ത്യ ഒരു ഉദ്യാനമായി നില്ക്കണമെങ്കില് റോസാപ്പൂ പോരാ, എല്ലാ തരം പൂക്കളും വണ്ടുകളും പ്രാണികളേയും ഒന്നിച്ചു നിർത്താൻ നമ്മുടെ രാജ്യത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില് കോഡ് വിരുദ്ധ കോണ്ഗ്രസ് സെമിനാറില് സംസാരിക്കുകയായിരുന്നു അബ്ദുൽ ഹക്കിം അസ്ഹരി.
നിയമപഠനം ലോ ആന്ഡ് ഓര്ഡര് അടിസ്ഥാനമാക്കി മാത്രമാണ് പഠിപ്പിക്കുന്നത്. സോഷ്യോളജിയുമായി ബന്ധിപ്പിച്ച് പഠിപ്പിക്കണം. സാമൂഹിക ബന്ധങ്ങളില് ഒരു നിയമം എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കി വേണം പഠനം നടത്താന്. എങ്കില് മാത്രമേ നമ്മുടെ രാജ്യത്തിന് വേണ്ടി നിലനില്ക്കാന് സാധിക്കുകയുളളുവെന്നും അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു.
ഏതെങ്കിലും മുസ്ലിം എതെങ്കിലും കാലത്ത് അബദ്ധം ചെയ്തിട്ടുണ്ടെങ്കില് അതിന് തന്നെ ശിക്ഷിക്കരുത്. ഏതെങ്കിലും ഹിന്ദു തെറ്റ് ചെയ്തിട്ടുണ്ടെങ്കില് അതിന് ഹിന്ദുക്കളെ ശിക്ഷിക്കരുത്. ബ്രിട്ടീഷുകാര് എന്തെങ്കിലും രാജ്യദ്രോഹപരമായ തെറ്റ് ചെയ്തിട്ടുണ്ടെങ്കില് അത് ക്രിസ്ത്യാനികള്ക്കെതിരെയുളള വാദമായി ഉയര്ത്തിക്കൊണ്ടുവരരുത്. ഇന്നത്തെ മുസ്ലിം ഇന്നത്തെ ഹിന്ദു ഇന്നത്തെ ക്രിസ്ത്യാനി എന്നിങ്ങനെയാണ് വേണ്ടത്. സ്വാതന്ത്ര സമര സേനാനികളേയും ഓര്ത്തുകൊണ്ട് വേണം മുന്നോട്ട് പോകാനെന്നും അബ്ദുൽ ഹക്കിം അസ്ഹരി ആവശ്യപ്പെട്ടു.
പളളികളുടേയും അമ്പലങ്ങളുടേയും മസ്ജിദുകളുടേയും നിയമസഭകളുടേയും അസ്തിവാരം എടുത്ത് അതിന്റെ അടിയില് എന്താണെന്ന് പരിശോധിക്കുന്ന പക്ഷം ഇവിടെ പലതും മാറ്റേണ്ടി വരും. കുഴിമാടം തോണ്ടിയിട്ട് നൂറ്റാണ്ടുകള്ക്കപ്പുറമുളള ചരിത്രം പരിശോധിച്ചാല് പല സുനാമികളും ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മനസിലാകും. സമാധാനം തകര്ക്കാനുള്ളതും രാജ്യത്തിന്റെ പുരോഗതിക്ക് എതിരായിട്ടുള്ളതുമായ ഒരു നീക്കമാണിത്. മാനുഷിക ബോധമുളളവരും രാജ്യസ്നേഹമുളളവരും ഇന്ത്യ എന്ന നാമത്തിന് പിന്നില് അടിയുറച്ച് നില്ക്കണമെന്നും അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു.