കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യത്തെ തകര്ക്കാന് ശ്രമിക്കുന്നവർക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോൺഗ്രസ് മുമ്പിൽ നിന്ന് നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്. ഏക സിവില് കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഓരോ മതവിഭാഗത്തിനും ഗോത്രങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളുണ്ടാകും അത് വ്രണപ്പെടുത്താന് സമ്മതിക്കില്ല. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്ത്തണം. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പിന്തുണ ഇതിനായി പ്രവര്ത്തിക്കുന്ന എല്ലാവര്ക്കും ഉണ്ടായിരിക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഏക സിവില് കോഡ് വിരുദ്ധ കോണ്ഗ്രസ് സെമിനാറില് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്.
നന്മയ്ക്കെതിരെ നില്ക്കുന്നവര്ക്കെതിരെ നമ്മള് ഒറ്റക്കെട്ടായി നില്ക്കണം. അക്രമങ്ങള്ക്കും അനീതിക്കും എതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ചുകൊണ്ടുപോകാന് കോണ്ഗ്രസിന് സാധിക്കും. അത് തെളിയിച്ചു തന്ന പാര്ട്ടിയാണ് കോണ്ഗ്രസ്. വിവിധ മതങ്ങളും വിവിധ സംസ്കാരവും ആചാരങ്ങളും പല ആദര്ശങ്ങളുമുളള ആളുകളെ എങ്ങനെ ഒന്നിച്ചുകൊണ്ടുപോകും എന്നതില് സംശയമുണ്ടായിരുന്നു. ആ സംശയത്തിന്റെ മറുപടിയാണ് കോണ്ഗ്രസ് അവരുടെ ഭരണ കാലത്ത് ചെയ്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള് സന്തോഷിക്കുന്ന ദിവസമാണിത്, രാഹുല് ഗാന്ധിക്ക് പാര്ലമെന്റിലേക്ക് മടങ്ങി വരാനായെന്നും ജിഫ്രി തങ്ങള് പറഞ്ഞു. ന്യൂനപക്ഷങ്ങളുള്പ്പെടെയുളള എല്ലാ ജനങ്ങള്ക്കും കോണ്ഗ്രസ് ധൈര്യം നല്കണം. എല്ലാ വിഭാഗം ജനങ്ങളേയും ഉള്കൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. മണിപ്പൂരിലേയും ഹരിയാനയിലേയും സംഭവങ്ങളില് വിശ്വാസമുളളവരും വിശ്വാസമില്ലാത്തവരും പ്രതികരിക്കാന് തയ്യാറാകണം. നമ്മുക്ക് ശാന്തിയാണ് ആവശ്യമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.