കൊച്ചി: എറണാകുളം ജില്ലയിലെ വാരപ്പട്ടി പഞ്ചായത്തില് തോമസ് എന്ന കര്ഷകന്റെ നാനൂറോളം കുലച്ചവാഴകള് ഹൈടെന്ഷന് ലൈനിന്റെ സുരക്ഷയുടെ പേരില് കെഎസ്ഇബി ഉദ്യോഗസ്ഥര് വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരമാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. അവിചാരിതമായി ആ കര്ഷകനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് മാനുഷിക പരിഗണന നല്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കൃഷി മന്ത്രി കത്ത് നൽകി.
സാമാന്യ യുക്തിക്ക് നിരക്കുന്ന രീതിയില് ഇലകള് വെട്ടി ഒതുക്കി അപകടസാഹചര്യം ഒഴിവാക്കുകയും വാഴക്കുലകള് പാകമായി വിളവെടുക്കുകയും ചെയ്യാമായിരുന്ന സാഹചര്യമാണ് ഇത്തരത്തിൽ കർഷകനോടുള്ള ക്രൂരതയായി പരിണമിച്ചത്. കൃഷി ചെയ്യാന് അനുവദിച്ചതിന് ശേഷം ഇത്തരത്തില് വാഴകള് വെട്ടി നശിപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന് കഴിയുന്നതല്ല. അതിനാൽ ഈ വിഷയത്തില് വൈദ്യുത വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, ആവശ്യമായ നടപടികള് കൈക്കൊള്ളണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.
മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴവെട്ടിമാറ്റിയത്. ഹൈടെന്ഷന് വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതുകൊണ്ടാണ് വെട്ടിമാറ്റിയത് എന്നാണ് കെഎസ്ഇബി അറിയിച്ചത്. കര്ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ചുള്ള 400ല് അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്.
'ഒരു മാസം കഴിഞ്ഞ് വെട്ടാനിരിക്കുന്ന വാഴകളായിരുന്നു. വാഴ വെട്ടുന്ന കാര്യം എന്നെ കെഎസ്ഇബി അറിയിച്ചിരുന്നില്ല. 50 വര്ഷമായി ഈ ഭൂമിയില് കൃഷി ചെയ്യുന്നുണ്ട്. ഇതുവരേയും ഒന്നും സംഭവിച്ചിട്ടില്ല. വാഴകൈ മാത്രം വെട്ടിയാല് മതിയായിരുന്നു. ഒന്ന് പറഞ്ഞാല് മതിയായിരുന്നു.' കര്ഷകനായ തോമസ് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു. തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും കര്ഷകന് ആവശ്യപ്പെട്ടു.
മൂലമറ്റം നിലയത്തില് നിന്നുള്ള ലൈന് തകരാറിലായതിനെ തുടര്ന്ന് നടത്തിയ പരിശോധനയില് നിലവില് മുറിച്ചുമാറ്റിയ വാഴയുടെ ഇലകള് കാറ്റടിച്ചപ്പോള് ലൈനില് തട്ടുകയും ചില വാഴകള്ക്ക് തീ പിടിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇടുക്കി- കോതമംഗലം 220 കെ വി ലൈന് പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും മനുഷ്യ ജീവന് അപകടം ഉണ്ടാകാന് സാധ്യത ഉള്ളതിനാലും ലൈനിന് സമീപം വരെ വളര്ന്ന വാഴകള് അടിയന്തരമായി വെട്ടിമാറ്റി ലൈന് ചാര്ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് അറിയിച്ചിരിക്കുന്നത്.
Story Summary: Agricultural minister asks KSEB to compensate for losses for plantain farmer