പെരുമ്പാവൂര്: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള അതിഥി പോർട്ടലിൽ അല്ലെങ്കിൽ അതിഥി ആപ്പിൽ രജിസ്ട്രേഷന് നടപടികള് ഇന്ന് മുതൽ. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലേക്കെത്തുന്ന എല്ലാ അതിഥി തൊഴിലാളികളേയും രജിസ്ട്രേഷന് ചെയ്യുന്നത് വഴി കുറ്റകൃത്യങ്ങള് കുറക്കുക എന്ന ഉദ്ദേശവും ഉണ്ട്. എല്ലാ അതിഥി തൊഴിലാളികളെയും ഉള്പ്പെടുത്തികൊണ്ട് അതിഥി പോർട്ടലിൽ അല്ലെങ്കിൽ ആപ്പിൽ രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കുമെന്ന് തൊഴില് വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
പ്രാദേശിക ഭാഷകളിൽ നിര്ദേശങ്ങള് ലഭ്യമാക്കിയിട്ടുണ്ട്. നല്കുന്ന വ്യക്തി വിവരങ്ങള് എൻറോൾ ഓഫീസര് പരിശോധിച്ച ശേഷം ഇവര്ക്ക് ഒരു യുണീക്ക് കോഡ് നല്കും. ഈ കോഡായിരിക്കും ഇവരുടെ ഐഡന്റിറ്റിയായി കണക്കാക്കുക. ഇത് അനുസരിച്ചായിരിക്കും ഇവര്ക്ക് ആവാസ് ഇന്ഷൂറന്സ് അടക്കമുള്ള ആനുകൂല്യങ്ങള് ലഭ്യമാവുക. കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ പോര്ട്ടലിൽ രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്.
അതേസമയം, സര്ക്കാര് നിര്ദേശിച്ചിരിക്കുന്നതു പ്രകാരം കേരളത്തിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങള് അതിഥി ആപ്പ് അല്ലെങ്കില് അതിഥി പോര്ട്ടലിലക്കേ് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ നടപടിയാണ്. പെരുമ്പാവൂരിലുള്ള കണ്ടംതറ എന്ന പ്രദേശത്ത് അധികവും അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. കേരളത്തിനകത്തെ കുഞ്ഞു ബംഗാള് എന്നാണ് ഈ കോളനി അറിയപ്പെടുന്നത്. ഇവിടെ താമസിക്കുന്നവരെ കുറിച്ച് സംസ്ഥാന സര്ക്കാരിന്റെ പക്കല് വിവരങ്ങൾ ഇല്ല. പുതിയതായി ആരൊക്കെ വരുന്നു ആരൊക്കെ പോകുന്നു എന്ന കാര്യത്തില് യാതൊരു ധാരണയുമില്ലെന്നും ആക്ഷേപമുണ്ട്.
എറണാകുളം ജില്ലയുടെ വിവിധപ്രദേശങ്ങളിലായി ജോലികള് ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒത്തു കൂടുന്ന സ്ഥലമാണിത്. ഇവിടെ വലിയ രീതിയിലുള്ള ലഹരിയുടെ ഉപയോഗം നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
നിലവില് സര്ക്കാരിന്റെ പക്കല് കൃത്യമായ കണക്കില്ലാത്ത സാഹചര്യത്തില്, പുതിയതായി എത്തുന്നവരുടെയും മടങ്ങി പോകുന്നവരുടെയും അടക്കം വിവരങ്ങള് ആപ്പിലേക്കും പോര്ട്ടിലേക്കും എങ്ങനെ രേഖപ്പെടുത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എറണാകുളം ജില്ലയിലെ അഞ്ച് ഏക്കറോളം സ്ഥലം കയ്യടക്കിയിരിക്കുന്നത് അതിഥി തൊഴിലാളികളാണ്. താമസവും വ്യവസായവും എല്ലാം ഇവിടെതന്നെയാണ്. അതിഥി തൊഴിലാളികളുടെ മുതലാളിമാര് യാതൊരു വിധ പ്രതികരണങ്ങളും നടത്തരുതെന്നാണ് നിര്ദേശിച്ചിരിക്കുന്നതെന്ന് നാട്ടുകാര് പറയുന്നു.