കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോകുന്നത്. വൈകിട്ട് ആറു മണിക്കാണ് ഖബറടക്കം.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് ആളുകളാണ് പ്രിയ സംവിധായകനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടിലെ ചടങ്ങുകൾ പൂർത്തിയായത്. വലിയ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിക്കുന്നത്.
കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പില്ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി തുടങ്ങിയ ബോക്സ് ഓഫീസിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.
Story Highlights: Director Siddique funeral will be held at Ernakulam Central Juma Masjid later in the evening