സിദ്ദിഖിന് വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

വിടപറയുന്നത് മലയാള സിനിമയ്ക്ക് ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ

dot image

കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കി. വിടപറയുന്നത് മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകൻ. സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധിപേർ സിദ്ദിഖിന് അന്തിമോപചാരം അർപ്പിച്ചു.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വലിയ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിച്ചിരുന്നത്. ജനക്കൂട്ടം ഖബർസ്ഥാനിലും തടിച്ചുകൂടിയിരുന്നു. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു.

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്നലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി തുടങ്ങി, ബോക്സ് ഓഫീസിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.

Story Highlights: Director Siddique Buried with official honors

dot image
To advertise here,contact us
dot image