സ്ഥാനാര്ത്ഥി ജയിലിലെന്നത് കാര്യമാക്കാത്ത വോട്ടര്മാര്; കമ്മ്യൂണിസ്റ്റിനെ ജയിപ്പിച്ച പുതുപ്പള്ളി

ഉമ്മന് ചാണ്ടിയുടെ വിയോഗത്തെ തുടര്ന്ന് വീണ്ടും ഉപതിരഞ്ഞെടുപ്പ് വരുമ്പോള് അട്ടിമറി വിജയം തന്നെയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

ആല്‍ബിന്‍ എം യു
2 min read|11 Aug 2023, 09:38 am
dot image

മുന് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ഉമ്മന് ചാണ്ടിയുടെ നിര്യാണത്തെ തുടര്ന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലം ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. 53 വര്ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന് ചാണ്ടിയുടെ പേരിലും കോണ്ഗ്രസിന്റെ പേരിലുമാണ് പുതുപ്പള്ളി അറിയപ്പെടുന്നതെങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു ചരിത്രം കൂടി ഉണ്ട്. അധികം പേര്ക്കറിയാത്ത ഒരു ചരിത്രം.

പുതുപ്പള്ളിയുടെ ചരിത്രത്തില് ഒരേയൊരു കമ്മ്യൂണിസ്റ്റ് പ്രതിനിധിയേ ഉണ്ടായിട്ടുള്ളു. അത് ഇ എം ജോര്ജാണ്. ഇ എം ജോര്ജ് നേടിയ വിജയത്തിനും പ്രത്യേകതയുണ്ടായിരുന്നു. വിദ്യാര്ത്ഥി ആയിരിക്കുമ്പോള് തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഭാഗമായി പൊതുപ്രവര്ത്തന രംഗത്തേക്ക് വന്ന നേതാവാണ് ജോര്ജ്. 1940കളുടെ ഒടുവില് കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി. 1964ല് സിപിഐ പിളര്ന്നപ്പോള് സിപിഐഎമ്മിനോടൊപ്പം നിലകൊണ്ട ജോര്ജ് കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നേതാവായി മാറി.

ജില്ലയിലെ നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാവായിരുന്നു ജോര്ജ്. ഇതിന്റെ ഭാഗമായി നിരവധി തവണ ജയില് വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1964ലും അദ്ദേഹത്തെ ജയിലിലടച്ചു. അങ്ങനെയിരിക്കെയാണ് 1965ലെ തിരഞ്ഞെടുപ്പ് വരുന്നത്. പുതുപ്പള്ളി മണ്ഡലത്തില് ജയിലില് കിടക്കുന്ന തങ്ങളുടെ പ്രിയ നേതാവിനെ തന്നെ മത്സരിപ്പിക്കാന് സിപിഐഎം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സ്ഥാനാര്ത്ഥിയെ കാണിക്കാന് കഴിയാത്ത അവസ്ഥ. ഏതൊരു പാര്ട്ടിയും വിഷമത്തിലാവുന്ന അവസ്ഥ. അതൊരു വിഷയമാക്കാതെ തന്നെ സിപിഐഎം പ്രചരണം നയിച്ചു. ജയിലില് കിടക്കുന്ന ജോര്ജിനെ നേരിട്ടു കണ്ടാലേ വോട്ട് നല്കൂ എന്ന വാശി പുതുപ്പള്ളിക്കാര്ക്ക് ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റായ ജോര്ജിനെ ആ തിരഞ്ഞെടുപ്പില് പുതുപ്പള്ളിക്കാര് വിജയിപ്പിച്ചു.

1967ലും ജോര്ജില് തന്നെ പുതുപ്പള്ളിക്കാര് തങ്ങളുടെ വിശ്വാസം അര്പ്പിച്ചു. 1970ല് മൂന്നാം തവണയും മത്സരിക്കാനെത്തിയ ജോര്ജിനെ പക്ഷേ പുതുപ്പള്ളിക്കാര് കൈവിട്ടു. അന്ന് മണ്ഡലത്തില് പുതിയൊരു താരോദയമുണ്ടായി. അത് പിന്നീട് 53 വര്ഷം മണ്ഡലത്തെ നയിച്ച ഉമ്മന് ചാണ്ടിയെന്ന കോണ്ഗ്രസുകാരനായിരുന്നു.

ജോര്ജിന്റെ പരാജയം അന്ന് കോണ്ഗ്രസുകാര് പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മികച്ച മത്സരം കാഴ്ചവെക്കാന് കഴിഞ്ഞാല് തന്നെ അത്രയും നല്ലത് എന്ന ആലോചനയിലായിരുന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉമ്മന് ചാണ്ടിയെ മത്സരിപ്പിച്ചത്. ഉമ്മന് ചാണ്ടിയ്ക്ക് പാര്ട്ടി ചിഹ്നം നല്കാനെത്തിയ മുതിര്ന്ന കോണ്ഗ്രസ് നേതാവ് പ്രൊഫസര് കെഎം ചാണ്ടി അക്കാര്യം പറയുകയും ചെയ്തു. 'പുതുപ്പള്ളിയില് ഒരു വിജയം പ്രതീക്ഷിക്കരുത്. രണ്ടാം സ്ഥാനത്തെത്തിയാലും അത് വിജയമായി ഞങ്ങള് കണക്കാക്കും', എന്നായിരുന്നു 27കാരനായ ഉമ്മന് ചാണ്ടിയോട് കെഎം ചാണ്ടി പറഞ്ഞത്. അന്ന് അതായിരുന്നു പുതുപ്പള്ളിയിലെ ഇഎം ജോര്ജ്. എന്നാല് അത്തവണ ഒരു അട്ടിമറി വിജയത്തിന് മണ്ഡലം സാക്ഷ്യം വഹിച്ചു. 7288 വോട്ടുകള്ക്കാണ് ഉമ്മന് ചാണ്ടി വിജയിച്ചു കയറിയത്.

ഇഎം ജോര്ജിനെ അട്ടിമറിച്ച് മണ്ഡലത്തില് വിജയിച്ച ഉമ്മന് ചാണ്ടിയുടെ വിയോഗത്തെ തുടര്ന്ന് വീണ്ടും ഉപതിരഞ്ഞെടുപ്പ് വരുമ്പോള് അട്ടിമറി വിജയം തന്നെയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില് ആറ് പഞ്ചായത്തുകളിലും അധികാരം നേടിയ, സംസ്ഥാനത്ത് തുടര്ഭരണം നേടിയ ഒരു സമയത്തേക്കാള് നല്ല സമയം ഇനിയുണ്ടാവില്ല എന്ന് തന്നെയാണ് എല്ഡിഎഫിന്റെ കണക്കുകൂട്ടല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us