തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. ലോക്സഭാംഗത്വം പുന:സ്ഥാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തിലേക്ക് എത്തുന്ന രാഹുല്‍ ഉച്ചക്ക് ശേഷം കല്‍പ്പറ്റ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
സാധാരണ രാഹുല്‍ എത്തുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ റാലി നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അത്തരം റാലി നടത്തുന്നില്ല. പൊതുസമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ കൈമാറും. ഞായറാഴ്ച മാനന്തവാടിയിലാണ് രാഹുലിന്റെ പരിപാടികള്‍. ഇതിന് ശേഷം കോടഞ്ചേരിയിലേക്ക് പോവും
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനാല്‍ തന്നെ രാഹുല്‍ പുതുപ്പള്ളി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്. സാധാരണ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് രാഹുല്‍ പോകുന്ന പതിവില്ലെങ്കിലും ഇത്തവണ മാറ്റം വരുത്തുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.