കോഴിക്കോട്: മനുഷ്യ വന്യമൃഗ സംഘര്ഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്ക്കായി സംസ്ഥാന സര്ക്കാര് സമര്പ്പിച്ച 620 കോടി രൂപയുടെ ശുപാര്ശ കേന്ദ്രം തള്ളി. ആവശ്യമായ ഫണ്ട് സംസ്ഥാനം തന്നെ കണ്ടെത്തണമെന്ന് നിര്ദേശിച്ച് കേന്ദ്രം ശുപാര്ശ മടക്കി.
ജനവാസ മേഖലകളില് വന്യമൃഗങ്ങള് ഇറങ്ങി കൃഷിക്കും മനുഷ്യജീവനും നാശം ഉണ്ടാക്കുന്നത് തടയാനായിരുന്നു പദ്ധതി ആലോചിച്ചത്. കേന്ദ്രം ശുപാര്ശ തള്ളിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബൃഹത് പദ്ധതി നടപ്പാക്കാനുള്ള വഴികള് തേടാന് വനം വകുപ്പ് തീരുമാനിച്ചു.
മനുഷ്യ വന്യമൃഗ സംഘര്ഷം ലഘൂകരിക്കുന്നതിനുള്ള മാര്ഗങ്ങള് ജനപ്രതിനിധികള്, സന്നദ്ധ സംഘടനകള്, വനം ഉദ്യോഗസ്ഥര് പൊതുജനങ്ങള് എന്നിവരില് നിന്നു ക്ഷണിച്ചിരുന്നു. 1600ല്പരം നിര്ദേശങ്ങള് ലഭിച്ചതില് നിന്ന് പ്രായോഗികമായ പദ്ധതികള് തിരഞ്ഞെടുത്താണ് 620 കോടി രൂപയുടെ ശുപാര്ശ സംസ്ഥാനം തയ്യാറാക്കിയത്.
വനം മന്ത്രി എ കെ ശശീന്ദ്രന് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കണ്ട് പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതി അഞ്ച് വര്ഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കേന്ദ്രം ശുപാര്ശ തള്ളിയതോടെ പദ്ധതി നടത്തിപ്പ് നീളുമെന്നാണ് കരുതുന്നത്. പത്ത് വര്ഷത്തേക്ക് ലക്ഷ്യമിട്ട് 1,150 കോടി രൂപയുടെ പദ്ധതി തയാറാക്കി സംസ്ഥാന ആസൂത്രണ ബോര്ഡിനും വനം വകുപ്പ് സമര്പ്പിച്ചിട്ടുണ്ട്. ഈ ശുപാര്ശകളിലാണ് ഇനി വനം വകുപ്പിന്റെ പ്രതീക്ഷ.