തിരുവനന്തപുരം: കേരളത്തില് നിന്ന് തമിഴകത്തെത്തിയ അരിക്കൊമ്പന് ഇപ്പോള് അറിയപ്പെടുന്നത് അരുമൈ മകന് എന്ന പേരില്. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥര് പറയുന്നു.
അരിക്കൊമ്പന് ഇപ്പോള് പൂര്ണമായും അഗസ്ത്യാര്മല ആനത്താര ഉള്പ്പെടുന്ന കോതയാര് മുണ്ടന്തുറൈ കടുവാ സങ്കേതത്തിന്റെ ഉള്ളിലാണുള്ളത്. ടൈഗര് റിസര്വുമായും മറ്റ് ആനകളുമായും ഇണങ്ങിയെന്നും ആരോഗ്യം പൂര്ണമായും വീണ്ടെടുത്തു എന്നുമാണ് അവര് പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് തവണ അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ക്യാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താന് സാധിച്ചിരുന്നു. ഇത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്റെ തെളിവാണ്. റേഡിയോ കോളര് വിവരങ്ങളും യഥാസമയം ലഭിക്കുന്നുണ്ട്.
പ്രത്യേക ഫീല്ഡ് സ്റ്റാഫിനെ പിന്വലിച്ചുവെങ്കിലും ആന്റി പോച്ചിംഗ് സ്ക്വാഡിന്റെയും റിസര്വിനുള്ളിലെ വയര്ലെസ് കേന്ദ്രവും അവരുടെ സൈലന്റ് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആര് ഫീല്സ് ഡയറക്ടര്/ ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഇപ്പോഴും നേരിട്ടാണ് മിഷന് അരിക്കൊമ്പന് ചുമതല വഹിക്കുന്നത്.
ഇത് കൂടാതെ കളക്കാട്, അംബാസമുദ്രം ഉള്പ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസര്മാര് നേരിട്ട് ചുമതലയിലുണ്ട്. ഇടയ്ക്കിടെ വൃഷ്ടിപ്രദേശത്തു എത്തി തിരികെ കാട്ടിലേക്ക് കയറുന്ന ആന മറ്റ് ആനക്കൂട്ടങ്ങളോട് ചേര്ന്നെങ്കിലും ഇപ്പോഴും ഒറ്റക്ക് നടക്കുന്ന തന്റെ പഴയ സ്വഭാവം തുടരുന്നുണ്ട്.
വനംവകുപ്പ് ഉള്പ്പെടെയുള്ള വിശദ റിപ്പോര്ട്ട് വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിക്കും നിരന്തരം കൈമാറുന്നുണ്ട്. ആനയുടെ വിവരങ്ങള് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹര്ജികള് മദ്രാസ് ഹൈക്കോടതിയില് എത്തിയ പശ്ചാത്തലത്തില് ആണിത്.