മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ സംശയം: ലക്ഷ്മണയുടെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്

അവധിക്കായി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.

dot image

കൊച്ചി : മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ജി ലക്ഷ്മണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ജി ലക്ഷ്മണ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അവധിക്കായി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.

രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരസ്പരവിരുദ്ധമാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മോൺസൻ മാവുങ്കൽ, കെ സുധാകരൻ, ഐജി ലക്ഷ്മൺ, ഡിഐജി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം എന്നിങ്ങനെ നിലവിൽ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഐജി ലക്ഷ്മൺ ഒഴികെയുള്ള എല്ലാവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും ഐജി ലക്ഷ്മൺ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതിയായ മുൻ ഐജി എസ് സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണ് ലക്ഷ്മണിന് ഹാജരാകാൻ നിർദേശം നൽകിയത്. കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഐജി ലക്ഷ്മൺ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേർത്തത് എന്നും ഐജി ലക്ഷ്മൺ ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ സർക്കാരിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്നും ഐജി ലക്ഷ്മൺ പിന്നാക്കം പോയിരുന്നു. പുരാവസ്തു തട്ടിപ്പുകേസിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നായിരുന്നു ഐജി ജി ലക്ഷ്മണിന്റെ നിലപാട്. വക്കാലത്ത് നൽകിയ അഭിഭാഷകനാണ് പരാമർശങ്ങൾക്ക് പിന്നിൽ. ഹർജി പിൻവലിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.

ഇഡിയുടെ ചോദ്യം ചെയ്യലിനും ലക്ഷ്മണ ഹാജരായില്ല. ഐജി ലക്ഷ്മണയോട് 14ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹാജരാകില്ലെന്നായിരുന്നു വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us