ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാനുള്ള ഇടതുമുന്നണി നീക്കം പരാജയം. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ബിജെപി അംഗങ്ങൾ വിട്ടുനിന്നു. ഏഴ് അംഗങ്ങളുള്ള ബിജെപി, യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. ഇതോടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാവാതെ യോഗം പിരിയുകയായിരുന്നു.
ചെയർപേഴ്സൺ ലൗലി ജോർജ്ജിനെതിരായിരുന്നു ഇടതുമുന്നണിയുടെ അവിശ്വാസ നീക്കം. ഇതിൽ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് നേതാവായ ലൗലി ജോർജ്ജ് ചെയർപേഴ്സണായ ഭരണസമിതിയിൽ നിന്ന് വൈസ് ചെയർമാൻ അടക്കം മൂന്ന് സ്വതന്ത്ര കൗൺസിലർമാർ കൂറുമാറിയിരുന്നു. ഇടതുപക്ഷത്തേക്ക് കൂറുമാറിയ കൗൺസിലർമാരുടെ കൂടെ പിന്തുണയിലായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കോൺഗ്രസ് - ബിജെപി ഒത്തുകളി മൂലമാണ് അവിശ്വാസം ചർച്ചക്കെടുക്കാൻ കഴിയാതെ പോയതെന്ന് പ്രതിപക്ഷ നേതാവ് ഇഎസ് ബിജു ആരോപിച്ചു. 35 കൗൺസിലർമാരുള്ള നഗരസഭയിൽ 3 സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. സ്വതന്ത്രർ എൽഡിഎഫിനൊപ്പം ചേർന്നതോടെ 15 ൽ നിന്ന് യുഡിഎഫ് 12 ലേക്ക് ഒതുങ്ങി. ഭരണം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ 7 കൗൺസിലർമാരുള്ള ബിജെപിയുടെ നിലപാടും ഇനി നിർണായകമാകും.
Story Highlights: LDF no-confidence motion in Etumanoor Municipal Corporation failed