കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സാന്റിയാഗോ മാർട്ടിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ലോട്ടറി തട്ടിപ്പ് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ. കള്ളപ്പണ നിരോധന നിയമം അനുസരിച്ചുള്ള ത്രിതല സംവിധാനത്തെ സമീപിക്കണം എന്ന സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യമുണ്ട്. വസ്തുതകൾ പരിഗണിക്കാതെയുള്ളതാണ് സിംഗിൾ ബെഞ്ച് വിധിയെന്നും ഹർജിയിൽ പറയുന്നു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
സ്വത്ത് മരവിപ്പിച്ച ഇഡി നടപടിയുടെ രേഖകൾ ഹൈക്കോടതി പരിശോധിക്കണമെന്ന സാന്റിയാഗോ മാർട്ടിന്റെ ആവശ്യം നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു. ഇ ഡി നടപടികൾ അധികാര പരിധിക്ക് പുറത്തുള്ളതാണെന്ന വാദവും സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.
സ്വത്ത് മരവിപ്പിച്ച നടപടിക്കെതിരെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് ത്രിതല സമിതി നിലവിലുണ്ട്. ഈ സംവിധാനത്തെ മറികടന്ന് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന ഇഡിയുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു.
സ്വത്ത് കണ്ടുകെട്ടിയ നടപടി റദ്ദാക്കിയാൽ രാജ്യവ്യാപക നടപടികളെ ബാധിക്കുമെന്നായിരുന്നു ഇ ഡി വാദം. നിയമാനുസൃത അധികാര സ്ഥാപനത്തിനെ സമീപിക്കാനാണ് ഹൈക്കോടതി സാന്റിയാഗോ മാർട്ടിന് നൽകിയ നിർദ്ദേശം. 2016 മാർച്ച് മുതൽ 2023 ജൂൺ വരെയുള്ള കാലത്ത് ആറ് തവണയായി 910 കോടി രൂപ മൂല്യമുള്ള സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.