'കോൺഗ്രസുകാരെല്ലാം കാലുവാരികൾ,അന്ന് ഉമ്മൻചാണ്ടിയെ സ്ഥാനാർത്ഥിയാക്കിയത് ഗൂഢാലോചനയിലൂടെ';പിസി ചാക്കോ

'ഒരു വട്ടം ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എല്ലാ പ്രാവിശ്യവും അത് സംഭവിക്കണമെന്നില്ല'

dot image

തിരുവനന്തപുരം: പുതുപ്പളളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പിസി ചാക്കോ. ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പളളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയത്. 53 വർഷമായിട്ടും വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ടാക്കാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

ഒരു വട്ടം ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എല്ലാ പ്രാവശ്യവും അത് സംഭവിക്കണമെന്നില്ലെന്നും പിസി ചാക്കോ വിമർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടക്കാൻ പോകുന്ന പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിലാണ് പിസി ചാക്കോയുടെ പരാമർശം.

പുതുപ്പളളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു.

ഇന്ന് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിക്കും. മുതിർന്ന നേതാക്കളടക്കം എല്ലാവരും പത്രിക സമർപ്പണത്തിന് എത്തുമെന്നാണ് വിവരം. പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സ്വന്തം പഞ്ചായത്തിലെ എല്ലാ വോട്ടർമാരേയും കാണാനുളള തിരക്കിലായിരുന്നു ബുധനാഴ്ച ചാണ്ടി ഉമ്മൻ. എൻഡിഎ സ്ഥാനാർഥി ലിജിൻലാലും ഇന്ന് നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30ന് പാമ്പാടി ബിഡിഒ മുമ്പാകെ പത്രിക നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, മന്ത്രി വി എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ അനിൽകുമാർ അടക്കമുള്ളവർ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.

dot image
To advertise here,contact us
dot image