കോഴിക്കോട്: താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്തകളോട് പ്രതികരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാണ്. പൊലീസിലെ ഇത്തരം നടപടികളെ അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. തെളിവുകൾ എല്ലാം അന്വേഷണ സംഘം വിലയിരുത്തട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. സംഭവത്തിൽ സർക്കാർ നല്ല നിലപാട് എടുത്തു, സിബിഐക്ക് വളരെ വേഗം കേസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത്തരം സംഭവങ്ങളിൽ 35 പൊലീസുകാരെ പിരിച്ചുവിട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ റിപ്പോർട്ടർ ടിവിക്ക് അഭിമുഖം നൽകിയതിനെ തുടർന്ന് താനൂർ എസ് ഐ കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. തെറ്റായ അഭിമുഖം നൽകി, അഭിമുഖം നൽകിയത് പൊലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നിവയാണ് നടപടിയെടുക്കുന്നതിന് കാരണങ്ങളായി പറയുന്നത്. തൃശൂർ ഡിഐജി അജിതാബീഗമാണ് നടപടിയെടുത്തത്. കേരള പൊലീസ് ആക്ഷൻ സെക്ഷൻ 31 ലംഘിച്ചുവെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് എസിപി ആയിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.
താനൂര് കൊലപാതകക്കേസില് താന് നിരപരാധിയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ താനൂര് എസ് ഐ കൃഷ്ണലാല് വെളിപ്പെടുത്തിയിരുന്നു. താമിര് ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്സാഫ് സംഘമാണെന്നും ഇവർക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാൽ താൻ ഈ കേസിൽ എത്തിപ്പെടുകയായിരുന്നുവെന്നുമാണ് എസ് ഐ കൃഷ്ണലാൽ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്. നിലവിൽ കേസിൽ പ്രതിയായി സസ്പെൻഷനിലാണ് എസ് ഐ കൃഷ്ണലാൽ. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥർ നേരത്തെയറിഞ്ഞിരുന്നു. താൻ പിന്നീടാണ് അറിഞ്ഞതെന്നും എസ്ഐ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.