തിരുവനന്തപുരം: കോണ്ഗ്രസ് പ്രവര്ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് രമേശ് ചെന്നിത്തലയ്ക്ക് മേല് സമ്മര്ദ്ദം. ഐ ഗ്രൂപ്പ് നേതൃത്വമാണ് ചെന്നിത്തലയ്ക്ക് മേല് സമ്മര്ദ്ദം ചെലുത്തുന്നത്. രമേശ് ചെന്നിത്തലയെ അപമാനിച്ചുവെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്. ചെന്നിത്തലയെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. 19വര്ഷം മുമ്പേ ചെന്നിത്തല സ്ഥിരം ക്ഷണിതാവാണെന്നതും ഗ്രൂപ്പ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനിടെ വിഷയത്തില് പരസ്യ പ്രതികരണത്തിന് ചെന്നിത്തല ഇതുവരെ തയ്യാറായിട്ടില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് രമേശ് ചെന്നിത്തല പരസ്യപ്രതികരണത്തിന് തയ്യാറാകത്തതെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങള് വ്യക്തമാക്കുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തല നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാന്റിനെ അറിയിക്കും. ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. ദേശീയ രാഷ്ട്രീയത്തിലെ തന്റെ പരിചയസമ്പത്ത് അവഗണിച്ചെന്നും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പ്രതിഷേധമറിയിച്ച് കത്തയയ്ക്കും.
കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനക്ക് ശേഷം ചെന്നിത്തലക്ക് സമാനമായി മറ്റു സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളും പരാതിയുമായി രംഗത്തെത്തിയതാണ് വിവരം. ഈ സാഹചര്യത്തിൽ പരാതികൾ പരിഹരിക്കാൻ ഹൈക്കമാന്റ് തന്നെ മുൻകൈ എടുക്കുന്നതായാണ് സൂചന. ശശി തരൂർ, സച്ചിൻ പൈലറ്റ് എന്നിവരെ പ്രവർത്തക സമിതിയിലെത്തിക്കാൻ കഴിഞ്ഞതിലൂടെ സംസ്ഥാനങ്ങളിലെ ഭിന്നസ്വരങ്ങൾ അവസാനിപ്പിക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അതേസമയം പാര്ട്ടി നല്കിയ അംഗീകാരത്തില് സന്തോഷമെന്ന് ശശി തരൂര് എംപി പ്രതികരിച്ചു. കോണ്ഗ്രസ് പ്രവര്ത്തക സമിതിയില് തരൂരും ഉള്പ്പെട്ടിട്ടുണ്ട്. പ്രവര്ത്തകരെ നമിക്കുന്നു. രാജ്യം കോണ്ഗ്രസില് നിന്ന് ഇനിയും മികച്ച പ്രവര്ത്തനം പ്രതീക്ഷിക്കുന്നുണ്ട്. പാര്ട്ടിയെ സേവിക്കാനുള്ള അവസരം സഹപ്രവര്ത്തകര്ക്കൊപ്പം നിന്ന് വിനിയോഗിക്കുമെന്നും ശശി തരൂര് പ്രതികരിച്ചു.
39 അംഗ പ്രവര്ത്തക സമിതിയില് കേരളത്തില് നിന്ന് മൂന്ന് നേതാക്കളാണ് ഉള്പ്പെട്ടിരിക്കുന്നത്. ശശി തരൂരിന് പുറമെ കെ സി വേണുഗോപാല്, എ കെ ആന്റണി എന്നിവരാണ് പ്രവര്ത്തക സമിതിയിലേക്ക് കേരളത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില് സുരേഷിനെ പ്രത്യേക ക്ഷണിതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. സിപിഐ വിട്ടെത്തിയ കനയ്യകുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില് ഇടം നേടി.
സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്ത്തക സമിതിയില് ഉള്പ്പെട്ടു. സച്ചിന് പൈലറ്റ്, ദീപക് ബാബ്റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പുതുതലമുറ നേതാക്കള് പ്രവര്ത്തക സമിതിയുടെ ഭാഗമായി. 32 സ്ഥിരം ക്ഷണിതാക്കളെയും ഒമ്പത് പ്രത്യേക ക്ഷണിതാക്കളെയും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് വി ബി ശ്രീനിവാസ്, എന്എസ്യുഐ പ്രസിഡന്റ് നീരജ് കുന്ദന്, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് നെറ്റാ ഡിസൂസ, സേവാദള് ചീഫ് ഓര്ഗനൈസര് ലാല്ജി ദേശായി എന്നിവര് എക്സ് ഓഫീഷ്യോ അംഗങ്ങളാണ്.