പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെപ്പറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയെന്ന ആരോപണം തെറ്റെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. പകരം ലിജി മോൾ എന്ന സ്ത്രീയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ കത്തു തന്നു.
ഫെബ്രുവരി മുതൽ രേഖകളിൽ ലിജിമോൾ ആണ് ജോലി ചെയ്യുന്നത്. ശമ്പളം പോകുന്നതും ലിജി മോളുടെ അക്കൗണ്ടിലേക്കാണ്. എന്നാൽ സതിയമ്മ അവിടെ പണിയെടുക്കാൻ വരുന്നു എന്ന പരാതി ഡെപ്യൂട്ടി ഡയറക്ടർക്ക് കിട്ടി. അതിനാലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ (52)യാണ് ഉമ്മൻചാണ്ടിയെപ്പറ്റി ഒരു ചാനലിനോട് നല്ലതുപറഞ്ഞതിന് ജോലി നഷ്ടമായതായി പരാതി അറിയിച്ചത്. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ ചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു.
ഞായറാഴ്ച ചാനൽ ഇത് സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിച്ചുവെന്നാണ് സതിയമ്മ പറഞ്ഞത്. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായും സതിയമ്മ പറഞ്ഞു. അതേസമയം ഇവരുടെ ജോലി കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രതികരിച്ചത്.