പാലക്കാട്ടെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു

'പുനഃപരിശോധനയ്ക്ക് ശേഷം ഒരാഴ്ചക്കകം പട്ടിക പൂര്ത്തിയാക്കണം'

dot image

പാലക്കാട്: ജില്ലയിൽ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു. പട്ടികയ്ക്കെതിരെ വ്യാപകമായി പരാതികള് ഉയര്ന്നതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി നടപടി. പുനഃപരിശോധനയ്ക്ക് ശേഷം ഒരാഴ്ചക്കകം പട്ടിക പൂര്ത്തിയാക്കാന് കെപിസിസി നിര്ദേശം നൽകി.

മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ ജില്ലയിൽ ഉള്പാര്ട്ടി പോരിന് തുടക്കമായിരുന്നു. തുടര്ന്ന് ഇത് സംബന്ധിച്ച് നേതാക്കള് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകുകയായിരുന്നു.

നേരത്തെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേയ്ക്ക് കത്തയച്ചിരുന്നു. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജിയിലായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം ഹർജി ഷഹബാസ് വടേരി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാമെന്നിരിക്കെയാണ് കെപിസിസിയുടെ നീക്കം.

dot image
To advertise here,contact us
dot image