അനധികൃത നിയമനം കൊഴുക്കുന്നു; എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നടന്നത് 25,000 നിയമനങ്ങൾ

ഒരു ലക്ഷം രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലികൾ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി അനധികൃതമായാണ് നടക്കുന്നത്

dot image

തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി സംസ്ഥാനത്ത് നടക്കുന്നത് കാൽലക്ഷത്തോളം നിയമനങ്ങൾ. ഒരു ലക്ഷം രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലികൾ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി അനധികൃതമായാണ് നടക്കുന്നത്. സർക്കാർ, പൊതുമേഖല, ബോർഡ് കോർപറേഷൻ എന്നിവിടങ്ങളിലാണ് ഇത്രത്തോളം നിയമനങ്ങൾ നടക്കുന്നത്. പാർട്ടി അനുഭാവികൾക്കായി മാറ്റി വെച്ചിരിക്കുന്ന തൊഴിലുകളിലാണ് ഒരു ലക്ഷത്തിന് മേൽ ശമ്പളമുള്ള തസ്തികകൾ.

29 ലക്ഷത്തോളം പേർ തൊഴിൽരഹിതരായിരിക്കുമ്പോഴാണ് അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നത്. ഡോക്ടർമാരും എൻജിനീയറിങ് ബിരുദധാരികളും ഉൾപ്പെടെ നിരവധി പേരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ജല അതോറിറ്റി, കെഎസ്ആർടിസി എന്നിങ്ങനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടത്തുന്ന സ്ഥാപനങ്ങൾ നിരവധിയാണ്.

താത്കാലിക അധ്യാപക നിയമനത്തിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം ഈ അദ്ധ്യയന വർഷവും നടപ്പിലായില്ല. 11,200 പേരാണ് ഈ വർഷം താത്കാലിക അധ്യാപക നിയമനം നേടിയത്. സർക്കാർ സ്ഥാപനങ്ങളിലോ, സഹായധനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലോ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് നിയമം. നിയമനങ്ങളിൽ സംവരണവും മുൻഗണനാക്രമവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃത നിയമനങ്ങൾ നടക്കുന്നത്.

ഇത്തരം പ്രതിസന്ധികൾക്കിടയിലും നിരവധി പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ നേടാനായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. സർക്കാർ സ്വകാര്യ മേഖലകളിലായി 30,000 പേർക്ക് തൊഴിൽ നൽകാൻ എക്സ്ചേഞ്ചുകൾക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം 2807 പേർക്ക് സ്ഥിരം നിയമനവും 11,625 പേർക്ക് താത്കാലിക നിയമനവും എക്സ്ചേഞ്ച് വഴി നടന്നു.

Story Highlights: Excluding the employment exchange, around a quarter lakh appointments are being made in the state.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us