തിരുവനന്തപുരം: വ്യാജ വാര്ത്ത ചമച്ചെന്ന കേസില് മറുനാടന് മലയാളി ഓണ്ലൈന് ചാനല് ഉടമ ഷാജന് സ്കറിയക്ക് മുന്കൂർ ജാമ്യം. തൃക്കാക്കര പൊലീസ് രജിസ്റ്റര് ചെയ്ത കേസില് എറണാകുളം അതിവേഗ സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ തൃക്കാക്കര പൊലീസ് നിലമ്പൂരില് എത്തിയാണ് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നല്കി വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഇന്ന് നിലമ്പൂരില് ഹാജരായില്ല എങ്കില് മുന്കൂര് ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്കിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 09.45 നാണ് ഷാജന് സ്കറിയ സ്റ്റേഷനില് ചോദ്യം ചെയ്യലിനായി ഹാജരായത്. മതവിദ്വേഷം വളര്ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്. ഈ കേസില് നേരത്തെ തന്നെ ഷാജന് സ്കറിയയ്ക്ക് ഹൈക്കോടതി മുന്കൂര് ജാമ്യം നല്കിയിരുന്നു. സ്റ്റേഷനില് ഹാജരായ നിലമ്പൂരിലെ കേസില് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്കി. എന്നാല് അപ്രതീക്ഷിതമായി തൃക്കാക്കര പോലീസ് നിലമ്പൂര് സ്റ്റേഷനിലെത്തി ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല് കോളെജ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലും ഷാജന് സ്കറിയക്ക് മുന്കൂര് ജാമ്യം അനുവദിച്ചു. കേസില് അടുത്ത മാസം ഒന്നിനും രണ്ടിനും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. അന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില് 50,000 രൂപ ജാമ്യത്തില് വിട്ടയക്കണം. ആറാം അഡീഷണല് ജില്ലാ സെഷന്സ് കോടിയാണ് ജാമ്യം അനുവദിച്ചത്. കേരളത്തില് എത്തുന്ന പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന വാര്ത്തയാണ് കേസിന് ആധാരം.