ന്യൂഡല്ഹി: കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്സിയായ ഫിച്ചിന്റെ വിലയിരുത്തല്. സമ്പദ് വ്യവസ്ഥതയുടെ സ്ഥിരത വിലയിരുത്തുമ്പോള് മധ്യനിരയില് വരുന്ന ബിബി സ്റ്റേബിള് എന്ന റേറ്റിങ്ങാണ് ഇപ്പോള് നല്കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. കഴിഞ്ഞ വര്ഷം ഒക്ടോബറില് ബിബി സ്റ്റേബിള് എന്നതില് നിന്നും കേരളത്തെ ബിബി നെഗറ്റീവായി താഴ്ത്തിയിരുന്നു. എന്നാല് വീണ്ടും പഴയ റേറ്റിംങ് പുനഃസ്ഥാപിക്കുകയായിരുന്നു.
സാമ്പത്തികമേഖലയിലെ വെല്ലുവിളികള് നേരിടാനും കടംതിരിച്ചടക്കാനുമുള്ള ശേഷി വിലയിരുത്തിയാണ് ഈ റേറ്റിങ്. കൊവിഡ് മഹാമാരിക്ക് ശേഷം സമ്പദ്വ്യവസ്ഥയില് അനിശ്ചിതത്വം ഉണ്ടെങ്കിലും ഇന്ത്യയുടേയും കേരളത്തിന്റേയും സമ്പദ്ഘടന വളര്ച്ചയുടെ പാതയിലാണെന്നും ഏജന്സി വിലയിരുത്തുന്നു. 2027 വരെ കേരളത്തിന് സ്ഥായിയായ സാമ്പത്തിക വളര്ച്ചയുണ്ടാവുമെന്നും ഏജന്സി പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്ട്ട്.