ഗുരുവായൂർ: ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിക്കാൻ ഭക്തരുടെ വൻ തിരക്ക്. പുണ്യ പ്രസിദ്ധമായ ഉത്രാടക്കാഴ്ചക്കുല സമർപ്പണം ഇന്ന് രാവിലെ 7 30 ന് ആരംഭിച്ചു. ക്ഷേത്രത്തിനകത്ത് സ്വർണ്ണ കൊടിമരച്ചുവട്ടിൽ മേൽശാന്തി കണ്ണന് ആദ്യ കാഴ്ചക്കുല സമർപ്പിച്ചു. അത്താഴപൂജക്ക് ശേഷം നടയടയ്ക്കുന്നത് വരെ ഭക്തർ കണ്ണനായി കാഴ്ചക്കുല സമർപ്പിക്കും.
അത്തം പിറന്നത് മുതൽ ഗുരുവായൂരിൽ ഓണാഘോഷ പരിപാടികളും ആരംഭിച്ചിരുന്നു. ഉത്രാടത്തിൽ ഭഗവാന്റെ തിരുനടയിൽ വയ്ക്കാൻ ഏറ്റവും മികച്ച കാഴ്ചക്കുലകളാണ് ഭക്തർ സമർപ്പിച്ചിരിക്കുന്നത്. മൂവായിരം രൂപയോളമാണ് കാഴ്ചക്കുലകളുടെ ഏകദേശ വില. രാവിലെ ശീവേലിയ്ക്ക് ശേഷം സ്വര്ണ്ണക്കൊടിമരച്ചുവട്ടില് അരിമാവണിഞ്ഞ തറയില്‍ നാക്കിലയും നിറഞ്ഞുകത്തുന്ന നെയ്യ് വിളക്കും വിഗ്നേശ്വരന് നാളികേരവും വെച്ച് മാരാരുടെ ശംഖുധ്വനിക്കിടെ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യ കാഴ്ച്ചക്കുല സമര്‍പ്പിച്ചു.
തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ദേവസ്വം അംഗങ്ങൾ തുടങ്ങിയവരും നൂറുകണക്കിന് ഭക്തരും ഭഗവാന് തിരുമുല്‍ കാഴ്ച്ച സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉണ്ണിക്കണ്ണന് കാഴ്ചക്കുല സമർപ്പിക്കാൻ എത്തിയിരുന്നു.
ദേവസ്വം ഭൂമി പാട്ടത്തിന് എടുത്തവരായിരുന്നു, പഴയ കാലത്ത് കാഴ്ച്ചക്കുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് പാട്ടക്കുലകള്‍ എന്ന പേരിലായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ കാഴ്ച്ചക്കുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചക്കുല സമര്‍പ്പണമായി മാറുകയായിരുന്നു. ഉണ്ണിക്കണ്ണന് ലഭിക്കുന്ന പഴക്കുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, മറ്റൊരു വിഹിതം ഭക്തര്‍ക്ക് നല്കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെയ്ക്കും. ബാക്കി വരുന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലം ചെയ്യും.