ഡെല്ഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ലാംബുലനിൽ അക്രമി സംഘം വീടുകള്ക്ക് തീയിട്ടു. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്. വെസ്റ്റ് ഇംഫാലിൽ സുരക്ഷാ സേനയുടെ കയ്യിൽ നിന്ന് അക്രമികൾ ആയുധങ്ങൾ തട്ടിയെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണിപ്പൂരിൽ സംഘർഷങ്ങള് തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച നിയമസഭാ സമ്മേളനം നടക്കാന് സാധ്യതയില്ല. ചൊവ്വാഴ്ച നിയമസഭാസമ്മേളനം ചേരണമെന്ന് മന്ത്രിസഭ ശുപാര്ശ ചെയ്തിരിക്കുന്നുവെങ്കിലും ഇതുവരെ അനൂകൂല നിലപാട് ഗവര്ണറില് നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ 21ന് നിയമസഭാ സമ്മേളനം ചെയ്യാന് ശുപാര്ശ ചെയ്തിരുന്നെങ്കിലും ഗവര്ണര് അനുമതി നിഷേധിച്ചിരുന്നു. സമാനമായ അവസ്ഥയിലേയ്ക്കാണ് ഇത്തവണയും കാര്യങ്ങള് പോകുന്നത്.
സുരക്ഷാ പ്രശ്നങ്ങൾ കാരണം കുക്കി വിഭാഗത്തിലെ പത്തിലധികം എംഎല്എമാര്ക്ക് നിയമസഭാ സമ്മേളനത്തിനായി ഇംഫാലിലേയ്ക്ക് വരാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുക്കി എംഎല്എമാരോട് നിയമസഭാ സമ്മേളനത്തില് പങ്കെടുക്കരുത് എന്ന ആവശ്യവുമായി പല കുക്കി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. സര്ക്കാര് പ്രവര്ത്തിക്കുന്നത് മെയ്തെയ് വിഭാഗത്തിനു വേണ്ടി മാത്രമാണ്, അതിനാൽ നിയമസഭാ സമ്മേളനം നടന്നാലും കുക്കി എംഎൽഎമാർ വിട്ട് നിൽക്കണമെന്നാണ് കുക്കി അനുകൂല സംഘടനകളുടെ ആവശ്യം.