കോഴിക്കോട്: ഹർഷിനയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് പുതിയ പ്രതിപ്പട്ടിക ഇന്ന് കോടതിയില് സമര്പ്പിക്കും. ഡിഎംഒയും മെഡിക്കല് കോളേജ് സൂപ്രണ്ടും ഉള്പ്പടെ മുമ്പ് പ്രതിപ്പട്ടികയില് ഉള്ളവരെ ഒഴിവാക്കിയാണ് പട്ടിക. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയുമാണ് പ്രതികളായി പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ സീനിയര് ഡോക്ടര്മാര്, രണ്ട് പിജി ഡോക്ടര്മാര്, രണ്ട് നേഴ്സുമാർ എന്നിവരാണ് പ്രതികൾ. കേസില് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തതെന്നാണ് വിവരം. ഹർഷിനയുടെ പരാതിപ്രകാരം നേരത്തെ പ്രതിചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐഎംസിഎച്ച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കണ്ടാണ് ഇവരെ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച റിപ്പോർട്ടും കുന്ദമംഗലം കോടതിയിൽ ഇന്ന് സമർപ്പിക്കും.
മെഡിക്കല് നെഗ്ലിജന്സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾകക്കെതിരെ ചുമത്തിയത്. ഡോക്ടര്മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശം ലഭിച്ചിരുന്നു.
Story Highlights: New charge sheet will be submitted to the court today in the case of scissors stuck in Harshina's stomach