തിരുവനന്തപുരം: ഓണ്ലൈന് ചാനല് ഉടമ ഷാജന് സ്കറിയയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വാര്ത്തയുടെ പേരിലാണ് തിരുവനന്തപുരം മെഡിക്കല് കോളേജ് പൊലീസ് ചോദ്യം ചെയ്തത്. സര്ക്കാര് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ഷാജന് സ്കറിയ ആരോപിച്ചു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചകളെ കുറിച്ച് വാര്ത്ത നല്കിയതിന്റെ പേരില് യൂട്യൂബ് ചാനല് ഉടമ ഷാജന് സ്കറിയയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടു പിന്നാലെ കോടതി ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന് നിര്ദ്ദേശവും നല്കി. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല് കോളേജ് സ്റ്റേഷനില് ഷാജന് സ്കറിയ എത്തിയത്. എന്നാല് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന് ശ്രമിക്കുന്നതായി ഷാജന് സ്കറിയ ആരോപിച്ചു.
തനിക്കെതിരായ കേസുകള്ക്ക് പിന്നില് മുഖ്യമന്ത്രിയും എഡിജിപി എം ആര് അജിത് കുമാറും ആണെന്നും ഷാജന് സ്കറിയ പറഞ്ഞു. സര്ക്കാര് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ഒരു കേസ് കഴിയുമ്പോള് അടുത്ത കേസ് എന്ന നിലയില് ജയിലില് അടക്കാന് ശ്രമം നടക്കുന്നുണ്ടെന്നും ഷാജന് സ്കറിയ പ്രതികരിച്ചു. നാളെയും മെഡിക്കല് കോളേജ് പൊലീസ് ഷാജന് സ്കറിയയെ ചോദ്യം ചെയ്യും.