
എറണാകുളം: ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യും. വിദേശത്തുള്ള വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷമായിരിക്കും നടപടി. ഓൺലൈൻ ആയി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ പരാതിയുമായി യുവ വനിതാ ഡോക്ടർ രംഗത്തെത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഡോക്ടർക്കെതിരെയാണ് പരാതി.
പരാതിയെ തുടർന്ന് 2019ൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്താന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യവകുപ്പ് ഡയറക്ടര്ക്ക് കഴിഞ്ഞ ദിവസം നിര്ദ്ദേശം നല്കിയിരുന്നു. സമൂഹമാധ്യമത്തില് വനിത ഡോക്ടര് ഇട്ട പോസ്റ്റ് ശ്രദ്ധയില്പ്പെട്ടതിനെ തുര്ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില് റിപ്പോര്ട്ട് ചെയ്യാന് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
പരാതി മറച്ചുവച്ചോയെന്നതുള്പ്പെടെയുള്ള വിവരങ്ങള് കൃത്യമായറിയാനായി അന്വേഷണം നടത്താനും ആരോഗ്യ വകുപ്പിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിജിലന്സ് വിഭാഗം അന്വേഷണം നടത്തും. ഹൗസ് സർജൻസി ചെയ്യുമ്പോൾ സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായാണ് വനിതാ ഡോക്ടര് ഫേസ്ബുക്കിൽ കുറിച്ചത്.
ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകിയിരുന്നു. നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്.