ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന സമരം അവസാനിപ്പിച്ചു

കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു.

dot image

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹർഷിന അവസാനിപ്പിച്ചു. കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു.

നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹർഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി. അന്വേഷണ സംഘം സത്യസന്ധമായ റിപ്പോർട്ട് നൽകി. പൂർണ്ണ നീതി ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നൽകണം. ആരോഗ്യമന്ത്രി മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ഹർഷിന പറഞ്ഞു.

ഹർഷിന മുന്നോട്ട് വച്ച ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടുവെന്ന് സമരസമിതി പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടം തുടരും. 50 ലക്ഷം രൂപ ഹർഷിനക്ക് നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുടർ സമരം നടത്തുമെന്നും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.

കേസിൽ പ്രതിചേർക്കപ്പെട്ട നാല് ആരോഗ്യ പ്രവർത്തകർക്ക് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നൽകും. ഡോ. രമേശൻ, ഡോ ഷഹന, നഴ്സിംഗ് ഓഫീസർ രഹന, സ്റ്റാഫ് നഴ്സ് മഞ്ജു എന്നിവരാണ് പ്രതികൾ. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാകും പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ നൽകുക. ഇക്കാര്യത്തിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് നാല് പ്രതികളും.

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിനാണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 6 മാസത്തിനകമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസുണ്ടെന്നതു ശരിവച്ച ജില്ലാ മെഡിക്കൽ ബോർഡ് കത്രിക മെഡിക്കൽ കോളജിൽനിന്നാണ് കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us