തിരുവനന്തപുരം: മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരെയുള്ള സൈബര് ആക്രമണത്തില് തുടര് നടപടികള്ക്ക് നിര്ദേശം നല്കി സംസ്ഥാന വനിതാ കമ്മീഷന്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് നിര്ദേശം നല്കിയിരിക്കുന്നത്.
അതേസമയം അച്ചു ഉമ്മനെതിരായ അധിക്ഷേപരാമര്ശങ്ങള് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ആരോപണവിധേയനായ നന്ദകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് മെയില് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാല് മാത്രമേ ചോദ്യം ചെയ്യല് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ.
ഫേസ്ബുക്കിന്റെ മറുപടി വൈകാനാണ് സാധ്യത. ഈ സാഹചര്യത്തില് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതുള്പ്പെടെയുള്ള നടപടികളും വൈകും. സൈബര് ആക്രമണത്തില് പൊലീസിനും സൈബര് സെല്ലിനും വനിതാ കമ്മീഷനിലും അച്ചു ഉമ്മന് പരാതി നല്കിയിരുന്നു. പിന്നാലെയാണ് ഇടത് സംഘടനാ നേതാവായ നന്ദകുമാര് കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. തുടര്ന്ന് അച്ചു ഉമ്മന്റെ മൊഴിയെടുത്തിരുന്നെങ്കിലും നന്ദകുമാറിനെതിരെ നടപടിയൊന്നുമുണ്ടായിരുന്നില്ല.