കോഴിക്കോട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിലിൽ തുടരും. ഏഴാം സാക്ഷി കൂറുമാറിയതോടെ നാലാം സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കാനുള്ള അപേക്ഷ പ്രോസിക്യൂഷൻ നൽകി. ഇതോടെ കേസ് ഈ മാസം 12-ാം തീയതിയിലേക്ക് മാറ്റി. കോഴിക്കോട് കുന്നമംഗലം വിചാരണ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ ഏഴാമത്തെ സാക്ഷിയായ മെഡിക്കൽ കോളേജ് പരിസരത്ത് കച്ചവടം നടത്തുന്ന ലാലുവാണ് കൂറ് മാറിയത്. പ്രതിഷേധക്കാർ വാഹനങ്ങൾ തടസപ്പെടുത്തിയത് കണ്ടില്ലെന്നും, പ്രതിഷേധക്കാരെ തിരിച്ചറിയില്ലെന്നുമാണ് ലാലു കോടതിയിൽ പറഞ്ഞത്.
കേസ് നീട്ടിക്കൊണ്ട് പോകരുതെന്ന് ഗ്രോ വാസു കോടതിയിൽ അഭ്യർഥിച്ചു. നീട്ടികൊണ്ടു പോകില്ലെന്നും വേഗത്തിൽ തീർക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ പൊലീസ് മനഃപൂർവം വിചാരണ നടപടി നീട്ടികൊണ്ടു പോവുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. കനത്ത പൊലീസ് സുരക്ഷയിലും മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസു കോടതിയിൽ നിന്ന് മടങ്ങിയത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലിൽ തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് എല് പി വാറണ്ട് നിലവിലുണ്ടായിരുന്നു. കേരളത്തിലെ ആദ്യകാല നക്സൽ പ്രവർത്തകരിൽ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള് 94 വയസ്സാണ്. തിരുനെല്ലി-തൃശ്ശിലേരി അടക്കമുള്ള നക്സലൈറ്റ് ആക്ഷനുകളില് പങ്കാളിയായിരുന്നു ഗ്രോ വാസു. നക്സലൈറ്റ് നേതാവായിരുന്ന എ വര്ഗീസിനൊപ്പം പ്രവര്ത്തിച്ചിരുന്ന വ്യക്തിയും കൂടിയാണ് ഗ്രോ വാസു.