മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാൻ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർത്ഥ പ്രതികൾ കാണാമറയത്താണ്. സർക്കാർ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേർന്ന് തുടർപ്രതിഷേധം ആലോചിക്കും. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകൾ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.
കൊലപാതക കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ വിദേശത്തേക്ക് കടന്നതായി താമിർ ജിഫ്രിയുടെ കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. മരണ സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തിനാൽ ഒരു മാസമായിട്ടും താമിർ ജിഫ്രിയുടെ മരണം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും താമിർ ജിഫ്രിയുടെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
മരണസ്ഥലം പൊലീസ് കൃത്യമായി രേഖപെടുത്താത്തതിനാൽ താമിർ ജിഫ്രിയുടെ മരണം ഇതുവരെ രജിസ്റ്റർ ചെയ്യാൻ കുടുംബത്തിനായിട്ടില്ല. മരണസർഫിക്കറ്റ് ലഭിക്കുന്നതിനായി പല ഓഫീസുകളും കയറി ഇറങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നത് മനപ്പൂർവ്വം വൈകിച്ചത് പോലെ, മരണം രജിസ്റ്റർ ചെയ്യുന്നതിലും പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.