തൃശ്ശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും. പി പി കിരണ്, പി സതീഷ് കുമാര് എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള് പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കുന്നത്. നിരവധി ബാങ്കുകളില് സതീഷ് കുമാര് ബിനാമി ഇടപാടുകള് നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എസി മൊയ്തീന്റെയും മറ്റ് ചില ഉന്നതരുടെയും ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ ഡി സംശയിക്കുന്നത്. ഇയാള്ക്ക് സിപിഐഎം നേതൃത്വവുമായും ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
ഇടനിലക്കാരനും കലക്ഷന് ഏജന്റുമായ പി പി കിരണ് വന്തട്ടിപ്പ് നടത്തിയെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതില് 14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് എസി മൊയ്തീന്റെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടെയും വീട്ടില് കഴിഞ്ഞ മാസം 22 നാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന് എസി മൊയ്തീന് രണ്ട് തവണ ഇ ഡി നോട്ടീസ് നല്കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. എസി മൊയ്തീനുമായി അടുപ്പമുള്ള പലരേയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.