കോട്ടയം: പുതുപ്പള്ളിയില് കൂടിവരുന്ന പോളിങ് ശതമാനം ശുഭ പ്രതീക്ഷ തന്നെയെന്ന് ഇടതുപക്ഷ സ്ഥാനാര്ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. വോട്ടുചെയ്യുന്നതിനായി എത്തിയപ്പോള് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗീതു.
സൈബര് ആക്രമണത്തില് പരാതി നല്കിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയില് പുരോഗമിക്കുന്നുണ്ട്. ഒരു അക്കൗണ്ടില് നിന്നാണ് പ്രധാനമായും സൈബര് ആക്രമണം ഉണ്ടായത് അതിന്റെ തെളിവുകള് ഉള്പ്പടെയാണ് പൊലീസില് പരാതി നല്കിയതെന്നും ഗീതു പ്രതികരിച്ചു.
പരാതിയുടെ അടിസ്ഥാനത്തില് സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവര്ത്തികള്ക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില് ഗീതുവിനെതിരായ സൈബര് ആക്രമണം നടത്തിയത്. ഗര്ഭിണിയായ ഭാര്യയെ ഇലക്ഷന് പ്രവര്ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജെയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം. ഗീതു വോട്ടഭ്യര്ത്ഥിക്കാന് പോകുന്ന, ദൃശ്യങ്ങള് മാധ്യമങ്ങളില് വന്ന വാര്ത്ത എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പ്രചരിപ്പിച്ചിരുന്നത്. ഫാന്റം പൈലി എന്ന വ്യാജ അക്കൗണ്ടില് നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയില് മോശമായ രീതിയില് കമന്റുകളും വന്നിരുന്നു.