അച്ചു ഉമ്മനെതിരായ അധിക്ഷേപം; നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും

അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും നന്ദകുമാറിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയാനായി പൊലീസ് മാറ്റിവയ്ക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും നന്ദകുമാറിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു.

സൈബര് അധിക്ഷേപത്തില് മാപ്പ് ചോദിച്ച് നന്ദകുമാര് നേരത്തെ രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന് പരാതി നല്കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം. സ്ത്രീത്വത്തെ അപമാനിക്കാന് താന് ശ്രമിച്ചിട്ടില്ലെന്നും, അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്. സൈബര് അധിക്ഷേപത്തിനെതിരെ പൊലീസിനും വനിതാ കമ്മീഷനും സൈബര് സെല്ലിനും അച്ചു ഉമ്മന് പരാതി നല്കിയിട്ടുണ്ട്. സ്ക്രീന് ഷോട്ടുകള് സഹിതമായിരുന്നു പരാതി. ഇതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനും പൊലീസിന് തുടര് നടപടികള്ക്ക് നിര്ദേശം നല്കിയിരുന്നു.

സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള് ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന കേസിൽ പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ന് പത്ത് മണിക്ക് ഹാജരാകാനായി നന്ദകുമാറിന് പൂജപ്പുര പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image