മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ പൊലീസുകാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മഞ്ചേരി സെഷന്സ് കോടതിയിലാണ് നാല് പ്രതികളും അപേക്ഷ നൽകിയത്. ഒന്നാം പ്രതി ജിനേഷ് , രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ , മൂന്നാം പ്രതി അഭിമന്യൂ , നാലാം പ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നാലു പേരും ഒളിവിലാണ്. ജാമ്യാപേക്ഷ ഈ മാസം 13 ന് പരിഗണിക്കും.
പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ വിദേശത്തേക്ക് കടന്നതായി താമിർ ജിമ്രിയുടെ കുടുംബം ദിവസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു. കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നും താമിർ ജിഫ്രിയുടെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. താനൂർ കസ്റ്റഡി കൊലപാതക കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുക ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്താത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കേസ് സിബിഐക്ക് വിട്ടത് എവിടെയുമെത്തിയില്ല. പ്രതികളിൽ ചിലർ നടുവിട്ടുവെന്നാണ് വിവരമെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതികൾ നാടുവിട്ടെന്ന ഈ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.
മരണസ്ഥലം പൊലീസ് കൃത്യമായി രേഖപെടുത്താത്തത്തിനാൽ താമിർ ജിഫ്രിയുടെ മരണം ഇതുവരെ രജിസ്റ്റർ ചെയ്യാൻ കുടുംബത്തിനായിട്ടില്ല. മരണസർഫിക്കറ്റ് ലഭിക്കുന്നതിനായി പല ഓഫീസുകളും കയറി ഇറങ്ങി. പോസ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നത് മനപ്പൂർവ്വം വൈകിച്ചത് പോലെ, മരണം രജിസ്റ്റർ ചെയ്യുന്നതിലും പൊലീസ് ഒളിച്ചു കളിക്കുക ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.