തിരുവനന്തപുരം: അച്ചു ഉമ്മന് എതിരായ സൈബര് അധിക്ഷേപ കേസിലെ പ്രതി നന്ദകുമാര് കൊളത്താപ്പളളിയോട് ഐഎച്ച്ആര്ഡി വിശദീകരണം തേടി. നന്ദകുമാര് കേസില് പ്രതിയായ സാഹചര്യത്തിലാണ് ഐഎച്ച്ആര്ഡി ഡയറക്ടര് വി എ അരുണ് കുമാര് വിശദീകരണം ആവശ്യപ്പെട്ടത്.
ഒരാഴ്ച്ചക്കകം വിശദീകരണം നല്കണമെന്നാണ് നിര്ദ്ദേശം.സര്ക്കാര് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടന്നതുകൊണ്ടാണ് ഐഎച്ച്ആര്ഡി വിശദീകരണം തേടിയത്. സൈബര് അധിക്ഷേപ കേസില് ഇന്നലെ പൂജപ്പുര പൊലീസ് നന്ദകുമാറിനെ ചോദ്യം ചെയ്ത് ഫോണ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കില് വീണ്ടും വിളിക്കുമെന്നും പൊലീസ് നന്ദകുമാറിനോട് പറഞ്ഞിരുന്നു.
മാധ്യമങ്ങള്ക്ക് മുഖം നല്കാതെ ഹെല്മെറ്റ് വെച്ചാണ് നന്ദകുമാര് ചോദ്യം ചെയ്യലിനെത്തിയത്. സ്റ്റേഷനില് നിന്ന് പുറത്തിറങ്ങിയതും ഹെല്മറ്റ് ധരിച്ചാണ്. നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം.
സൈബര് ആക്രമണത്തിനെതിരെ പൊലീസിലും സൈബര് സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മന് പരാതി നല്കുകയായിരുന്നു. സിപിഐഎമ്മിന്റെ സൈബര് പോരാളികള് വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും അച്ചു ഉമ്മന് പരാതിയില് ആരോപിച്ചിരുന്നു. പിന്നാലെ പൂജപ്പുര പൊലീസ് നന്ദകുമാറിനെതിരെ കേസെടുക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ സൈബര് അധിക്ഷേപത്തില് മാപ്പ് ചോദിച്ച് നന്ദകുമാര് രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന് ഡിജിപിക്ക് പരാതി നല്കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം. വ്യക്തിപരമായി ആക്ഷേപിക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില് നന്ദകുമാര് കുറിച്ചു.
എന്നാല് തന്റെ ഭര്ത്താവിന്റെ കുടുംബത്തിനെതിരെയും സൈബര് ആക്രമണമുണ്ടായെന്ന് അച്ചു ഉമ്മന് പ്രതികരിച്ചിരുന്നു. ആശയത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. സൈബര് ആക്രമണം സ്ത്രീകള് നേരിടുന്ന വലിയ പ്രശ്നമാണ്. വ്യക്തിപരമായി ആരോടും വിരോധമില്ല. നിരവധി ആക്രമണങ്ങള് ഉമ്മന്ചാണ്ടിക്കെതിരെ ഉണ്ടായി. അക്കാര്യത്തില് സ്വകാര്യമായി ഉമ്മന്ചാണ്ടി വലിയ വിഷമം അനുഭവിച്ചിരുന്നുവെന്നും അച്ചു ഉമ്മന് പറഞ്ഞിരുന്നു.