കൊച്ചി: എഐ ക്യാമറ വിഷയത്തില് സര്ക്കാര് ഹൈക്കോടതിയില് സര്ക്കാര് എതിര്സത്യവാങ്മൂലം നല്കി. എഐ ക്യാമറ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും അപകടങ്ങള് കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും സര്ക്കാര് സത്യവാങ്മൂലത്തില് അറിയിച്ചു. പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങള് കുറഞ്ഞു. എഐ ക്യാമറ ആരുടെയും സ്വകാര്യത ലംഘിക്കുന്നതല്ലെന്നും സര്ക്കാര് വ്യക്തമാക്കി.
കുറ്റകൃത്യങ്ങള് മാത്രമാണ് എഐ ക്യാമറ പരിശോധിക്കുന്നത്. നിരവധി പരിശോധനകള്ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. കെല്ട്രോണ് നല്കിയത് സാങ്കേതിക തികവുള്ള പദ്ധതിയാണ്. കെല്ട്രോണിനെ നിയോഗിച്ചത് സുതാര്യ ബിഡ്ഡിങിലൂടെയാണെന്നും സത്യവാങ്മൂലത്തില് പറയുന്നു. പ്രതിപക്ഷ നേതാക്കള് സര്ക്കാരിന് പരാതി നല്കിയില്ലെന്നും സര്ക്കാര് അറിയിച്ചു.
പ്രതിപക്ഷ നേതാക്കള് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കുറ്റകൃത്യത്തിലാണ് അന്വേഷണം നടക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സാധ്യതകളിലല്ല അന്വേഷണം വേണ്ടത്. പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപത്തില് കഴമ്പില്ല. യുഡിഎഫ് കാലത്താണ് സുനില് ബാബുവിനെ നിയമിച്ചത്. ഗതാഗത ഉപദേഷ്ടാവാക്കിയത് യുഡിഎഫ് സര്ക്കാരാണ്. ആറ് വര്ഷത്തെ ചര്ച്ചകള്ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഹൈക്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നുണ്ട്.
സംസ്ഥാനത്തെ നിരത്തുകളില് എഐ ക്യാമറ സ്ഥാപിച്ചതില് അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയില് ഹര്ജി നല്കിയത്. കോടതി മേല്നോട്ടത്തില് അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വി ഡി സതീശന് നല്കിയ ഹര്ജിയില് ആവശ്യപ്പെട്ടത്. എഐ ക്യാമറ ഉള്പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്കിയത്. പൊതുനന്മയെ കരുതിയാണ് ഹര്ജി നല്കിയത്. എല്ലാ മാനദണ്ഡങ്ങളേയും മറികടന്നാണ് കരാര്. കണ്ണൂര് ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പദ്ധതിയില് 132 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പദ്ധതി തന്നെ അഴിമതിക്ക് വേണ്ടിയാണെന്നും കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.