കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് മത്സര രംഗത്തേക്ക് ഇല്ലെന്ന് മുന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുതിര്ന്ന നേതാക്കളെ അവഗണിക്കുന്നുവെങ്കില് അത് നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവഗണന താന് ശ്രദ്ധിക്കാറില്ല. പാര്ട്ടിയുടെ പ്രവര്ത്തന രംഗത്ത് താന് സജീവമാണ്. തുടര്ന്നും പ്രവര്ത്തകര്ക്ക് ഒപ്പം ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പാര്ട്ടിക്ക് വേണ്ടി ശക്തമായ നിലപാട് എടുത്തിട്ടും വേണ്ടരീതിയില് പരിഗണിക്കപ്പെട്ടില്ലെന്ന് കെ മുരളീധരന് പറഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. പരിഗണിക്കപ്പെടാത്തത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് പറയുന്നത് ശരിയല്ല. ഒരു സ്ഥിരം പരാതിക്കാരനാകാന് ആഗ്രഹിക്കാത്തതുകൊണ്ടാണ് മത്സരരംഗത്തേക്കില്ലായെന്ന് തീരുമാനിച്ചതെന്നും കെ മുരളീധരന് പറഞ്ഞിരുന്നു. മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.
'പുതുപ്പള്ളിയില് സ്റ്റാര് കാമ്പയിനര് പദവിയിലുള്ളവരുടെ പട്ടിക തയ്യാറാക്കിയപ്പോഴും അവഗണിച്ചു. എങ്കിലും തിരഞ്ഞെടുപ്പില് പാര്ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതി വിവാദമാക്കിയില്ല. അതിന് ശേഷം വര്ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അതില് സ്ഥിരം അംഗമാവാന് ഞാന് ആഗ്രഹിച്ചിരുന്നില്ല. എ കെ ആന്റണിയും കെ സി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഉള്ളപ്പോള് ഞാന് ആഗ്രഹിക്കുന്നത് ശരിയല്ല. അതില് പരാതിയുമില്ല. പക്ഷേ, പ്രത്യേക ക്ഷണിതാവായി പണിഗണിക്കാവുന്നവരുടെ പട്ടികയില് പോലും ഉള്പ്പെട്ടില്ലായെന്നത് വേദനിപ്പിച്ചു.' കെ മുരളീധരന് പറഞ്ഞു.
രാഹുല് ഗാന്ധിയും സംസ്ഥാന നേതൃത്വവും നല്ല രീതിയിലാണ് ഇടപെടുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വല്ലപ്പോഴും, പ്രതിപക്ഷ നേതാവ് വി ഡി സതീശന് പലപ്പോഴായും വിളിക്കാറുണ്ട്. അതിലൊന്നും പരാതിയില്ല. എന്നാല് കാര്യത്തോട് അടുക്കുമ്പോള് ഒന്നും നടക്കുന്നില്ലെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി.
'ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തുമ്പോള് അത് വിട്ടുപോയി, മറന്നുപോയി എന്നൊക്കെ പറഞ്ഞൊഴിയും. ഒരു പേര് മാത്രം സ്ഥിരമായി വിട്ടുപോവുകയും മറന്നുപോവുകയും ചെയ്യുമ്പോള് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്ന തോന്നല് സ്വാഭാവികമാണ്.' കെ മുരളീധരന് പറഞ്ഞു. പാര്ട്ടി ഏല്പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്വ്വഹിക്കും. പക്ഷെ, തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.