കോട്ടയം: ഉമ്മന്ചാണ്ടി കഴിഞ്ഞാല് പുതുപ്പള്ളി മണ്ഡലത്തില് കേരളമാകെ അറിയുന്ന മൂന്ന് ഗജവീരന്മാരുണ്ട്. പാമ്പാടി രാജനും പുതുപ്പള്ളി കേശവനും സാധുവും. ആനപ്രേമികളും പുതുപ്പള്ളിയില് ഉണ്ട്. അത്തരമൊരു മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള് അരിക്കൊമ്പനെ തിരികെ എത്തിക്കാം എന്ന വാഗ്ദാനവുമായി ഒരു സ്ഥാനാര്ത്ഥിയുണ്ടായിരുന്നു.
ദേവദാസ് എന്നായിരുന്നു ആ സ്വതന്ത്രന്റെ പേര്. അരിക്കൊമ്പന് നീതി ഉറപ്പാക്കും എന്ന ഒറ്റ വാഗ്ദാനം മാത്രമാണ് മൂവാറ്റുപുഴ സ്വദേശിയായ അദ്ദേഹം ജനങ്ങളുടെ മുമ്പില് വെച്ചത്. അരിക്കൊമ്പന് വിഷയത്തില് ജനങ്ങള് കാണിച്ച താല്പര്യം വോട്ടായി മാറുമെന്ന് ദേവദാസ് ഊഹിച്ചു കാണും.
എന്നാല് കേവലം 60 വോട്ടുകളാണ് ദേവദാസിന് പുതുപ്പള്ളിയില് ലഭിച്ചത്. ജയിച്ചാലും തോറ്റാലും അരിക്കൊമ്പന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് ദേവദാസിന്റെ വാഗ്ദാനം.
ചക്ക ചിഹ്നത്തിലായിരുന്നു ദേവദാസ് മത്സരിച്ചത്. ലോറിയില് നില്ക്കുന്ന ആനയുടെയോ റേഡിയോ കോളര് ഇട്ട ആനയുടെയോ ചിഹ്നമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനോട് ദേവദാസ് ആവശ്യപ്പെട്ടത്. എന്നാല് ആന ബിഎസ്പിയുടെ ചിഹ്നമായതിനാല് ആവശ്യം കമ്മീഷന് നിഷേധിക്കുകയായിരുന്നു.