കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാര്ത്ഥ സ്റ്റാര് വി ഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന് ഗീവര്ഗീസ് മാര് കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്ന്ന വിജയത്തിന്റെ യഥാര്ത്ഥ ശില്പി സതീശനാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില് കുറിച്ചു.
'പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്ത്ഥ സ്റ്റാര് വി ഡി സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന് മുന്പും എഴുതിയിട്ടുണ്ട്. എന്നാല് പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാര്ന്ന വിജയത്തിന്റെ യഥാര്ത്ഥ ശില്പി സതീശന് തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്ത്തിപ്പിച്ച 'ക്യാപ്റ്റന് കൂള്' ആയിരുന്നു സതീശന്. തൃക്കാക്കരയിലും നമ്മള് ഇത് കണ്ടതാണ്. ' താന് പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല് അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാല് ഭൂരിപക്ഷം ഉയര്ന്നാല് അത് ടീം വര്ക്കിന്റെ ഫലമായിരിക്കും' എന്ന് പറയാന് കഴിയുന്നവരെയാണ് നമ്മള് നേതാക്കള് എന്ന് വിളിക്കേണ്ടത്... സതീശന് ഇരുത്തം വന്ന നേതാവാണ്... കോണ്ഗ്രസ് എന്ന പാര്ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില് സതീശന്റെ നേതൃത്വം കോണ്ഗ്രസിനും മതേതരത്വത്തിനും മുതല്കൂട്ടാണ്... അഭിനന്ദനങ്ങള്'- ഗീവര്ഗീസ് മാര് കൂറിലോസ്
പിതാവിന്റെ പിന്ഗാമിയായി നിയമസഭയിലെത്തുമ്പോള് റെക്കോര്ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട് ചാണ്ടി ഉമ്മന്. 37,000ല് അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി നേടിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്ഡിഎ സ്ഥാനാര്ത്ഥി ലിജിന് ലാലിന് വോട്ടുകളുടെ എണ്ണം നാലക്കം തികയ്ക്കാനും സാധിച്ചില്ല.
പോസ്റ്റല് വോട്ടുകള് എണ്ണി തുടങ്ങിയപ്പോള് തന്നെ ലഭിച്ച ലീഡ് അവസാനം വരെയും ചാണ്ടി ഉമ്മന് നിലനിര്ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില് പോലും ചാണ്ടിക്ക് പിന്നിലാകേണ്ടി വന്നില്ല. ആദ്യ റൗണ്ട് പിന്നിട്ടപ്പോള് മാത്രം 5000ല് അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉറപ്പിച്ചത്. 5000ല് നിന്ന് ഉമ്മന്ചാണ്ടിയുടെ കഴിഞ്ഞ തവണത്ത ഭൂരിപക്ഷമായ 9044ഉം മറികടന്ന് ചാണ്ടി ഉമ്മന് മുന്നേറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭൂരിപക്ഷം പതിനായിരവും ഇരുപതിനായിരവും കടന്ന് നാല്പതിനായിരത്തില് വരെ ഒരുഘട്ടത്തില് എത്തി. ഉമ്മന്ചാണ്ടി തന്നെ മണ്ഡലത്തില് നേടിയ 33,000 എന്ന റെക്കോര്ഡ് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് മറി കടന്നത്. 2011ല് സിപിഐഎമ്മിന്റെ സൂസന് ജോര്ജിനെതിരെയാണ് ഉമ്മന്ചാണ്ടി 33,255 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയത്.
ഉമ്മന്ചാണ്ടിയോട് രണ്ട് തവണ പരാജയപ്പെട്ട ജെയ്ക് ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു. കഴിഞ്ഞ തവണ ജെയ്കിന് 54,328 വോട്ടുകള് ലഭിച്ചെങ്കില് ഇത്തവണ പതിനായിരത്തിലധികം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല് ആരംഭിച്ച മണിക്കൂറുകളില് തന്നെ നിരാശയായിരുന്നു ജെയ്കിന് ഫലം. എല്ലാ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് ലീഡ് പിടിച്ചപ്പോള്, സ്വന്തം പഞ്ചായത്തായ മണര്കാട് പോലും ജെയ്കിനെ തുണച്ചില്ല. കഴിഞ്ഞ തവണ ഉമ്മന്ചാണ്ടിക്ക് ഏറ്റവും കൂടുതല് തിരിച്ചടിയുണ്ടായ പഞ്ചായത്തുകളില് ഒന്നാണ് മണര്കാട്. കഴിഞ്ഞ തവണ ജെയ്ക് മുന്നിലെത്തിയ ബൂത്തുകളിലും ചാണ്ടി മുന്നേറി.