പുതുപ്പള്ളി: ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനങ്ങള് പറയുന്നതെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസ്. അവകാശവാദങ്ങള്ക്കൊന്നും പ്രസക്തിയില്ല. ചെറിയ മിനിറ്റിന്റെ ദൈര്ഘ്യത്തില് ഫലം അറിയാന് സാധിക്കും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്മാര് പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം ഡിസി ഓഫീസില് ഇരുന്ന് കാണുമെന്നും ജെയ്ക് പ്രതികരിച്ചു. ഫലപ്രഖ്യാപന ദിവസത്തെ ജെയ്കിന്റെ ആദ്യ പ്രതികരണം ആണിത്.
പഞ്ചായത്ത് തലത്തില് എല്ഡിഎഫിന് തിരഞ്ഞെടുപ്പ് ഏകോപനം ഇല്ലെന്ന വാദം ജെയ്ക് തള്ളി. സിപിഐഎമ്മിന്റെ വക്താക്കള് അങ്ങനെ വിശദീകരിച്ചിട്ടില്ല. ഔദ്യോഗികമായി അത്തരം പ്രതികരണം ഉണ്ടെങ്കില് ചര്ച്ച ചെയ്യും. എല്ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഏകോപനത്തോടെ ഐക്യത്തോടെ കരുത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശുഭപ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. അതിനൊരു മങ്ങലുമില്ലെന്നും ജെയ്ക് കൂട്ടിച്ചേര്ത്തു.
യുഡിഎഫ് കേന്ദ്രങ്ങളില് നിന്നും ആത്മവിശ്വാസത്തോടെയുള്ള പ്രതികരണങ്ങളാണ് വരുന്നത്. ചാണ്ടി ഉമ്മന് സര്വ്വകാല റെക്കോര്ഡില് വിജയിക്കുമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് പ്രതികരിച്ചു. സര്ക്കാരിന്റെ തെറ്റായ പ്രവണതകളെ എതിര്ക്കുന്നയാളുകളാണ് യുഡിഎഫുകാര്. എട്ട് വര്ഷമായി കേരളത്തില് നടക്കുന്ന ദുര്ഭരണത്തിനെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. വിക്ടറി ചിഹ്നം ഉയര്ത്തികൊണ്ടായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
'പുതുപ്പള്ളി വിധി സര്ക്കാരിന്റെ വിലയിരുത്തലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തന്നെയാണ് പറഞ്ഞത്. ആ വെല്ലുവിളി ഞങ്ങള് ഏറ്റെടുക്കുകയായിരുന്നു. ഇത് സര്ക്കാരിന്റെ വിലയിരുത്തല് തന്നെയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് സര്ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് തുടക്കത്തില് എല്ഡിഎഫ് പറഞ്ഞു. തോറ്റപ്പോള് ഒന്നും മിണ്ടിയില്ല. പുതുപ്പള്ളിയില് സര്വ്വകാല റെക്കോര്ഡോടെ ചാണ്ടി ഉമ്മന് ജയിക്കും.' തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
പുതുപ്പള്ളിയിലെ ജനങ്ങളുടെ പിന്തുണ കിട്ടിയിട്ടുണ്ട്. വിജയം സുനിശ്ചിതമാണെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. അതാണ് റിയാലിറ്റി. ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഉമ്മന്ചാണ്ടിയുടെ കല്ലറയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു പ്രതികരണം.