തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് വിജയിച്ച യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് ആശംസകളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. ഉജ്ജ്വല വിജയം നേടിയ ചാണ്ടി ഉമ്മന് അഭിനന്ദനം. എല്ലാവിധ ആശംസയും നേരുന്നു. മണ്ഡലത്തില് ബിജെപിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രന് പ്രതികരിച്ചു.
'ശക്തമായ സഹതാപ തരംഗം ഉണ്ടായി. സഹതാപ തരംഗത്തെ ഫലപ്രദമായി ഉപയോഗിക്കാന് കോണ്ഗ്രസിന് സാധിച്ചു. പിണറായി സര്ക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം പ്രതികരിച്ചു. പിണറായി വിജയനെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ഉണ്ടായത്. വലിയ തകര്ച്ചയാണ് ഇടതുമുന്നണിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങള് പരിഗണിച്ചത് ഈ രണ്ട് വിഷയങ്ങളാണ്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം താല്കാലികമായ പ്രതിഭാസമാണ്. പ്രധാനപ്പെട്ട നേതാക്കള് മരിച്ചിടത്ത് എല്ലാം നടന്ന ഉപതിരഞ്ഞെടുപ്പില് ഇതാണ് സംഭവിച്ചിട്ടുള്ളത്. എല്ഡിഎഫിന് ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ട് ചാണ്ടി ഉമ്മന് ലഭിച്ചിട്ടുണ്ട്. സിപിഐഎം പാര്ട്ടി സെക്രട്ടറി പറയുന്നത് സര്ക്കസ് കോമാളികള് പറയുന്നതിലും വലിയ തമാശയാണ്. ഒരു ബൂത്തില് പോലും ലീഡ് ചെയ്യാന് കഴിയാത്തത് എല്ഡിഎഫിന്റെ അടിത്തറ തകരല് അല്ലേ?', സുരേന്ദ്രന് ചോദിച്ചു.
ബിജെപി വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രന് അറിയിച്ചു. പുതുപ്പള്ളി ബിജെപിക്ക് ലോ പ്രൊഫൈല് മണ്ഡലമാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള് 5000ത്തോളം വോട്ടിന്റെ കുറവുണ്ടായി. ഇത് പരിശോധിക്കും. ലോക്സഭ തിരഞ്ഞെടുപ്പില് യുഡിഎഫും എന്ഡിഎയും തമ്മിലുള്ള മത്സരമാണ് ഉണ്ടാകുക എന്നത് വ്യക്തമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.