തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹതാപ തരംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. എൽഡിഎഫിന് 42000 ൽ അധികം വോട്ട് നേടാനായി. രാഷ്ട്രീയ അടിത്തറയിൽ മാറ്റമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് തീരുന്നതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പാണ്. സഹതാപം നല്ല രീതിയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. എൽഡിഎഫിന് വോട്ട് കൂടാൻ കാരണം മികവുറ്റ സംഘടന പ്രവർത്തനമാണ്. സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്താൻ ആയത് അതുകൊണ്ടാണ്. ബി ജെ പി വോട്ടുകളിൽ ചോർച്ച ഉണ്ടായി. ബിജെപി വോട്ട് സഹതാപതരംഗത്തിന്റെ ഭാഗമായി യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.
പരാജയ കാരണം വിശദമായി പരിശോധിക്കും. ഫലം സർക്കാരിന് താക്കിതല്ല. അടിത്തറ ചോരാതെ കാക്കാനായി. ഉമ്മൻ ചാണ്ടിയുടെ വിജയം എന്ന് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞു. സഹതാപ തരംഗം ഉണ്ടെന്ന് അവർ തന്നെ പറയുന്നു. തരംഗത്തിന് മുന്നിൽ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് എതിരായ വികാര പ്രകടനമല്ല തിരഞ്ഞെടുപ്പ് ഫലം. ഫലം നല്ല രീതിയിൽ പരിശോധിച്ച് മുന്നോട്ട് പോകും, അതല്ലേ വേണ്ടത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനത്തെക്കുറിച്ച് ചോദിച്ചപ്പോൾ. മുഖ്യമന്ത്രി ജനങ്ങൾക്ക് ഇടയിലേക്ക് പോകും. ഇന്നത്തെക്കാൾ കുടുതൽ പോകും എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
എൽഡിഎഫ് എത്ര മാന്യമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. വ്യക്തിപരമായ കടന്നാക്രമണത്തിന് മുതിർന്നിട്ടില്ല. ഫലം ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള കണ്ണുതുറപ്പിക്കലാണ്. ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.