കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വഴിയിൽ അടിപതറാതെ ചാണ്ടി ഉമ്മൻ. എൽഡിഎഫിന്റെ നേരിയ പ്രതീക്ഷകളെ പോലും ഇല്ലാതാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ റൗണ്ടും പൂർത്തിയായത്. ആദ്യ റൗണ്ടിൽ നേടിയ 2816 വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു പിന്നീടുള്ള ഓരോ റൗണ്ടിലും ചാണ്ടി ഉമ്മന്റെ കുതിപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ പഞ്ചായത്തുകളിലടക്കം ഒരു ഘട്ടത്തിൽ പോലും ജെയ്ക് സി തോമസിന് മുന്നിലെത്താനായില്ല.
വോട്ടെണ്ണലിൻ്റെ എല്ലാ റൗണ്ടിലും യുഡിഎഫിന്റെ സമഗ്രാധിപത്യമായിരുന്നു. അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണുമ്പോൾ ആദ്യ റൗണ്ടിൽ 2816 ഉം രണ്ടാം റൗണ്ടിൽ 2617 ഉം ആയിരുന്നു യുഡിഎഫിൻറെ ലീഡ്. 2021 ൽ നേടിയ 1293 വോട്ടിൽ നിന്ന് 5433 വോട്ടാക്കി ഭൂരിപക്ഷം ഉയർത്തിയ യുഡിഎഫ് ആദ്യ റൗണ്ടിൽ തന്നെ മുന്നോട്ടുള്ള സൂചന നൽകി. 13 റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയാക്കിയപ്പോൾ സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പോലും മകൻ ചാണ്ടി ഉമ്മൻ പഴങ്കഥയാക്കി.
എൽഡിഎഫിന് നിർണായകമാകുമെന്ന് കരുതിയ അകലക്കുന്നം പഞ്ചായത്തിലും 2911 വോട്ടുകൾ അധികം നേടാൻ യുഡിഎഫിനായി. കൂരോപ്പടയിൽ 2962 വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷം അടയാളപ്പെടുത്താൻ യുഡിഎഫിന് കഴിഞ്ഞു. ജെയ്കിക്കിന്റെ സ്വന്തം പഞ്ചായത്തായ മണർകാട് 5604 വോട്ടുകൾ നേടി യുഡിഎഫ് അധിപത്യം കൈവരിച്ചു. 2021 ൽ മണർകാട് എൽഡിഎഫിന് 1213 വോട്ടിൻ്റെ ഭൂരിപക്ഷം നൽകിയിരുന്നു. ഏഴാം റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തീകരിച്ച പാമ്പാടിയിൽ 2949 ഉം ഒൻപതാം റൗണ്ടിൽ 2767 വോട്ടുകളും നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ മുന്നേറ്റം.
സ്വന്തം തട്ടകമായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് 5754 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പുതുപ്പള്ളിയിലെ ചില ബൂത്തുകൾ കൂടി ഉൾക്കൊള്ളുന്ന മീനടത്ത് 2510 വോട്ടുകളുടെയും വാകത്താനത്ത് 5425 വോട്ടുകളുടെയും ലീഡ് യുഡിഎഫ് സ്വന്തമാക്കി. അവസാന റൗണ്ട് പൂർത്തിയാകുന്നതിന് മുൻപ് തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചു.
തപാൽ വോട്ടുകളിലും യുഡിഎഫ് മുന്നേറ്റമായിരുന്നു. 2491വോട്ടുകളിൽ 1495 വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ എത്തിയതോടെ പുതപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 37719 എന്ന ഭൂരിപക്ഷം സംഖ്യ പുതു ചരിത്രമായി മാറി.