തൃശൂര്: കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് മുന് എംപി പികെ ബിജുവിന്റെ വാദങ്ങളെ വീണ്ടും എതിര്ത്ത് അനില് അക്കര. കരുവന്നൂരില് സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടില്ലെന്ന പി കെ ബിജുവിന്റെ വാദം തെറ്റാണെന്ന് അനില് അക്കര പറയുന്നു.
കേസ് ആദ്യം അന്വേഷിച്ചത് പികെ ബിജുവാണെന്നും അതിനാല് എല്ലാ തെളിവുകളും അറിയാവുന്ന ആള് പി കെ ബിജുവാണെന്നും അനില് അക്കര പറഞ്ഞു. തെളിവുകള് പുറത്തുവിടാന് പി കെ ബിജു തയ്യാറാവണം. ഈ കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാറിനെ ഒഴിവാക്കി നല്കുകയാണ് ഉണ്ടായത്. സതീഷിനെ ഒഴിവാക്കിയതില് ബിജുവിന്റെ ഇടപെടലുണ്ട്. പി കെ ഷാജന് കമ്മിഷന്റെ കാര്യം സമ്മതിച്ചതാണെന്നും അനില് അക്കര കൂട്ടിച്ചേര്ത്തു.
കരുവന്നൂര് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിശോധിക്കാന് പി കെ ബിജുവിനെയും പി കെ ഷാജനേയും ചുമതലപ്പെടുത്തി എന്ന് തെളിയിക്കുന്ന രേഖകള് അനില് അക്കര പുറത്തുവിട്ടിരുന്നു.
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് ഇഡി പറയുന്ന മുന് എംപി പി കെ ബിജുവാണെന്ന കോണ്ഗ്രസ് നേതാവ് അനില് അക്കരയുടെ ആരോപണത്തിനെതിരെ പി കെ ബിജു ഇന്ന് രംഗത്തുവന്നു. ഈ വാര്ത്താസമ്മേളനത്തിലാണ് പാര്ട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടില്ലെന്ന് പി കെ ബിജു പറഞ്ഞത്. പിന്നാലെ പികെ ബിജുവിന്റെ പരാമര്ശം തെറ്റാണെന്ന് കാണിക്കുന്ന രേഖകള് അനില് അക്കര പുറത്തുവിടുകയായിരുന്നു.
അനില് അക്കരയുടെ ആക്ഷേപത്തില് പ്രതികരിക്കാതെ ഒളിച്ചോടില്ലെന്ന് വാര്ത്താസമ്മേളനത്തില് പി കെ ബിജു മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ഇത്തരം ആക്ഷേപം തനിക്കെതിരെ ഉയര്ന്നിട്ടില്ലെന്നും അനില് അക്കരയുടെ ആക്ഷേപം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും പി കെ ബിജു പ്രതികരിച്ചു.
കരുവന്നൂര് പ്രതികളുമായി ഒരു ബന്ധവുമില്ല. തെളിവുകള് ഉണ്ടെങ്കില് അനില് അക്കര പുറത്ത് വിടണം. നട്ടാല് കുരുക്കാത്ത നുണപ്രചരണം നടത്തുകയാണ്. വാടക വീടുകളിലാണ് ഞാന് ഇതുവരെ താമസിച്ചത്, ബിജു വ്യക്തമാക്കി. വാടക വീട്ടില് താമസിക്കുമ്പോള് തന്റെ തന്നെ അക്കൗണ്ടില് നിന്നാണ് വാടക നല്കിയത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപമെന്നും അനില് അക്കര വ്യക്തിഹത്യ നടത്തുകയാണെന്നും പി കെ ബിജു പ്രതികരിച്ചു.
തെളിവുകള് ഉണ്ടെങ്കില് മാധ്യമങ്ങളിലൂടെ പുറത്ത് വിടണമെന്നും രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇഡിയില് നിന്ന് പികെ ബിജുവിന്റെ പേര് അനില് അക്കരയ്ക്ക് കിട്ടിയോയെന്നും ബിജു ചോദിച്ചു. കരുവന്നൂര് ബാങ്ക് വിഷയത്തില് ഒരു ഘട്ടത്തിലും താന് ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു മെന്റര്മാരും തന്നെ സഹായിക്കാന് ഉണ്ടായിരുന്നില്ലെന്നും ബിജു പറഞ്ഞിരുന്നു.