തിരുവനന്തപുരം: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ദൈവത്തിന്റെ കൃപയാണെന്ന് ഉമ്മന് ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്. അപ്പന്റെ മാതൃക ചാണ്ടി തുടരും. എല്ലാ വിവാദങ്ങളും തെറ്റാണെന്ന് ജനം ഇടിമുഴക്കത്തോടെ പറഞ്ഞു. മറുപടി അര്ഹിക്കാത്ത തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചുവെന്നും മറിയാമ്മ ഉമ്മന് പറഞ്ഞു. ചാണ്ടി ഉമ്മന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുന്പായാണ് പ്രതികരണം.
ഉമ്മന്ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു. ഉമ്മന്ചാണ്ടിയുടെ ഓര്മ്മകള് ഇല്ലാത്ത ഒരു ദിവസം ഇല്ല. അദ്ദേഹം തന്നെ സംബന്ധിച്ച് മരിക്കുന്നില്ല. ഇവിടുത്തെ വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ എന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
'എന്റെ ഉത്തരവാദിത്തം വളരെ അധികം വര്ധിച്ചു. ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹം ഇല്ലായെന്നതാണ് വേദന ഉളവാക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിലുടനീളം അദ്ദേഹം കൂടെ ഉണ്ടായിരുന്നു.' ചാണ്ടി ഉമ്മന് പറഞ്ഞു.
തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിന് മുന്നോടിയായി രാവിലെ 8. 45 ന് സ്പീക്കറെ കാണും. ആറ്റുകാല് അമ്പലത്തിലും പാളയം പള്ളിയിലും പോയ ശേഷമാകും ചാണ്ടി ഉമ്മന് നിയമസഭയിലെത്തുക.
ചോദ്യോത്തര വേളക്ക് ശേഷം രാവിലെ 10നാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭാ ചേംബറില് സ്പീക്കര് മുന്പാകെയാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നിരയുടെ പിന്ഭാഗത്ത് തൃക്കാക്കര എംഎല്എ ഉമാ തോമസിന് സമീപമാകും ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്ജെഡി എംഎല്എ കെ പി മോഹനന് നല്കിയിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം നിശ്ചയിച്ചിരിക്കുന്ന നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷനിലും ചാണ്ടി ഉമ്മന് പങ്കെടുക്കും.