കമ്മ്യൂണിസ്റ്റുകാര് മരിക്കുന്നിടത്ത് എന്താ വൈകാരികപരിസരം ഉണ്ടാകാത്തത്?; പി സി വിഷ്ണുനാഥ്

പുതുപ്പള്ളിയോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയില് ബോക്സാ നഗറിലെ സിപിഐഎം തോല്വി ചൂണ്ടികാട്ടിയാണ് പി സി വിഷ്ണുനാഥ് മറുപടി നല്കിയത്

dot image

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര് മരിക്കുന്നിടത്ത് എന്തുകൊണ്ടാണ് വൈകാരിക പരിസരം ഉണ്ടാകാത്തതെന്ന് പി സി വിഷണുനാഥ് എംഎല്എ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് വിജയിച്ചതിന്റെ കാരണം സഹതാപ തരംഗമാണെന്ന് മുന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്ശത്തോടാണ് പി സി വിഷ്ണുനാഥിന്റെ പ്രതികരണം. പുതുപ്പള്ളിയോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയില് ബോക്സാ നഗറിലെ സിപിഐഎം തോല്വി ചൂണ്ടികാട്ടിയാണ് പി സി വിഷ്ണുനാഥ് മറുപടി നല്കിയത്.

'തിരഞ്ഞെടുപ്പില് കണ്ട ഉജ്വല ഭൂരിപക്ഷം സഹതാപമെന്നാണ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞുവെച്ചത്. അഞ്ചാം തിയ്യതി തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ബോക്സാനഗറില് സംദുള് ഹഖ് എന്ന സിപിഐഎം എംഎല്എ അന്തരിച്ചതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകനായിരുന്നു സിപിഐഎം സ്ഥാനാര്ത്ഥിയായി മത്സരിച്ചത്. എന്നാല് 3,309 വോട്ട് മാത്രമാണ് അവിടെ ലഭിച്ചത്. 20 വര്ഷമായി സിപിഐഎം തുടര്ച്ചയായി വിജയിച്ച ബോക്സാനഗറില് കെട്ടിവെച്ച കാശ് പോലും അവര്ക്ക് നഷ്ടമായി.

സിപിഐഎം നേതാക്കള് പറയുന്ന സഹതാപ തരംഗവും വൈകാരിക പരിസരവും അവിടെ എന്താണ് പ്രതിഫലിക്കാതിരുന്നത്. കമ്മ്യൂണിസ്റ്റുകാര് മരിക്കുന്നിടത്തൊന്നും വൈകാരിക പരിസരം ഉണ്ടാകാത്ത സവിശേഷ സാഹചര്യം എന്താണെന്ന് ഒന്നു പഠിക്കേണ്ടതാണ്. അവിടെ കെട്ടിവെച്ച കാശ് പോയി ബിജെപിക്ക് സീറ്റ് സമ്മാനിച്ചിട്ട് ഉളുപ്പുണ്ടോ ഇവിടെ വെച്ച് പുതുപ്പള്ളിയില് ഞങ്ങള് ജയിച്ചത് സഹതാപ തരംഗം കൊണ്ടാണെന്ന് പറയാന്.' എന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു.

ജീവിതകാലം മുഴുവന് ഉമ്മന്ചാണ്ടിയെ വേട്ടയാടിയവര് ഉപതിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ ഏറ്റവും നിന്ദ്യവും ഹീനവുമായ പ്രചാരമാണ് നടത്തിയത്. ഉമ്മന്ചാണ്ടിയുടെ മക്കളെ വരെ അപമാനിച്ചു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയെ വരെ വോട്ടെടുപ്പ് ദിനം അപമാനിച്ചു. എന്നാല് അവിടുത്തെ ജനങ്ങള് നിശബ്ദമായി മറുപടി നല്കുകയായിരുന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us