കൊച്ചി: കരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പ് കേസില് സിപിഐഎം സംസ്ഥാന സമിതി അംഗവും എംഎല്എയുമായ എ സി മൊയ്തീനെ എന്ഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇനിയും വിളിച്ച് വരുത്തും. ഇന്നലെ നടന്ന, ആദ്യഘട്ട ചോദ്യം ചെയ്യലില് എ സി മൊയ്തീന് സമര്പ്പിച്ച രേഖകളും ഇ ഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മില് പൊരുത്തപ്പെടുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്. മൊയ്തീനെതിരെ ലഭിച്ച മൊഴികളും ഇ ഡി വിലയിരുത്തും
വരുമാനം, നിക്ഷേപങ്ങള്, ആദായനികുതി റിട്ടേണുകള് തുടങ്ങിയവ സംബന്ധിച്ച രേഖകള് പരിശോധിക്കും. വൈരുദ്ധ്യങ്ങള് വിലയിരുത്തി കൂടുതല് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കാനാണ് എന്ഫോഴ്സ്മെന്റ് ഡയറക്റേറ്റിന്റെ നീക്കം. അതേസമയം മൊയ്തീന്റെ വസതിയില് റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്പ്പെടെ അക്കൗണ്ടുകള് നേരത്തെ മരവിപ്പിക്കുകയും ചെയ്തിരുന്നു. എംഎല്എ, മന്ത്രി എന്നീ നിലകളില് തനിക്ക് ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും ചേര്ത്ത് നിക്ഷേപിച്ചതാണ് തുകയെന്നാണ് മൊയ്തീന് നല്കിയ വിശദീകരണം. അക്കൗണ്ട് മരവിപ്പിച്ചത് ഒഴിവാക്കണമെന്ന ആവശ്യത്തില് കൂടുതല് പരിശോധനകള്ക്ക് ശേഷമായിരിക്കും നടപടി.
മുമ്പ് രണ്ട് തവണ ഇഡി ഹാജരാകാന് നോട്ടീസ് നല്കിയെങ്കിലും എ സി മൊയ്തീന് അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഇഡി നോട്ടീസ് നല്കിയതും എ സി മൊയ്തീന് ഹാജരായതും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22 നാണ് എ സി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടില് ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകള് ഇഡി കണ്ടുകെട്ടിയിരുന്നു. എ സി മൊയ്തീനുമായി ബന്ധമുള്ള, കേസിലെ ഇടനിലക്കാരെ പലരേയും കഴിഞ്ഞ ദിവസങ്ങളില് ചോദ്യം ചെയ്തിരുന്നു. ഇവരില് സതീഷ് കുമാര്, പി പി കിരണ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ സി മൊയ്തീനെ ഇന്നലെ ചോദ്യം ചെയ്തത്.