'ഒന്നുമില്ലാത്ത കേസിന്റെ പുറത്ത് എത്ര രൂപയാണ് ചെലവഴിച്ചത്, നേതാക്കള്ക്ക് പങ്കില്ല'; ചാണ്ടി ഉമ്മന്

കോണ്ഗ്രസിലെ ഒരു നേതാവിനും ഇതില് പങ്കില്ല. ചില അഭിപ്രായ വ്യത്യാസങ്ങള് പാര്ട്ടിയില് ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടികുഴക്കുന്നത് ശരിയല്ല

dot image

തിരുവനന്തപുരം: സോളാര് കേസില് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ വിശ്വസിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന് എംഎല്എ. ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്ത്തയാക്കി ലോകം മുഴുവന് പ്രക്ഷേപണം ചെയ്യുകയായിരുന്നു. അതില് ഗൂഢാലോചനയില്ലെങ്കില് പിന്നെ എന്താണ് നടന്നതെന്നും ചാണ്ടി ഉമ്മന് ചോദിച്ചു. കേസില് ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്ട്ടിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

'മുഖ്യമന്ത്രി പദവിയില് നിന്നും ഉമ്മന്ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു. കോണ്ഗ്രസിലെ ഒരു നേതാവിനും ഇതില് പങ്കില്ല. ചില അഭിപ്രായ വ്യത്യാസങ്ങള് പാര്ട്ടിയില് ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടികുഴക്കുന്നത് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങള് എന്നും പാര്ട്ടിയില് ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസ് നേതൃത്വത്തെ വലിച്ചിഴക്കരുത്. അപ്പ അഞ്ച് വര്ഷം മുഖ്യമന്ത്രിയായിരുന്നത് ഈ നേതാക്കളുടെ പിന്തുണയോടെയല്ലേ. സഭയില് പിടിച്ചുനില്ക്കാന് വേണ്ടി ഇതൊക്കെ പറയാം. എന്നാല് പിടിച്ചുനില്ക്കാന് ആവില്ല.' ചാണ്ടി ഉമ്മന് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്ട്ടില് കൂടുതല് അന്വേഷണം ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് എത്രനാള് ഇത് ഇങ്ങനെ തുടര്ന്നുകൊണ്ടിരിക്കും എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുചോദ്യം. 'സര്ക്കാരിന്റേയും ജനങ്ങളുടേയും പൈസ അല്ലേ. ഇനി ഒരിക്കലും ആവര്ത്തിക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. പാര്ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ എന്തെങ്കിലും പറയാന് ആഗ്രഹിക്കുന്നുള്ളൂ. ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പാവപ്പെട്ടവന് കഷ്ടപ്പെട്ടപണമല്ലേ.' ചാണ്ടി ഉമ്മന് പറഞ്ഞു. മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള് തനിക്ക് ഇക്കാര്യത്തില് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന് മറുപടി നല്കി.

dot image
To advertise here,contact us
dot image