തിരുവനന്തപുരം: സോളാര് ലൈംഗിക അതിക്രമക്കേസില് കെ സി വേണുഗോപാലിന് എതിരെ തെളിവില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്ട്ട് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു. പരാതിക്കാരി അകാരണമായി പരാതി വൈകിപ്പിച്ചെന്ന് സിബിഐ റിപ്പോര്ട്ടില് വ്യക്തമാക്കുന്നുണ്ട്. ആറു വര്ഷം കഴിഞ്ഞാണ് പരാതി നല്കിയതെന്നും സിബിഐ ചൂണ്ടിക്കാണിച്ചു.
പരാതി വൈകിയതിന് ന്യായമായ കാരണങ്ങളില്ലെന്നും സിബിഐ റിപ്പോര്ട്ടിലുണ്ട്. പരാതിക്കാരി പലനേതാക്കള്ക്കെതിരെയും പരാതി നല്കിയിട്ടുണ്ട്. ഈ കാരണത്താല് പരാതി നിലനില്ക്കില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
പരാതിക്കാരിയും കെ സി വേണുഗോപാലും തമ്മില് രണ്ടുവട്ടം കണ്ടിട്ടുണ്ടെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നുണ്ട്. അവര് തമ്മില് കണ്ടത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് പറയുന്ന സിബിഐ അതിന് ശേഷം പലവട്ടം ഇരുവരും ടെലിഫോണില് സംസാരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. അന്വേഷണത്തില് കെസി വേണുഗോപാലിനെതിരെ ഒരു തെളിവും കണ്ടെത്താന് സാധിച്ചിട്ടില്ലെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്ട്ട് നേരത്തെ തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചിരുന്നു.
മന്ത്രിയായിരുന്ന എ പി അനില്കുമാറിന്റെ ഔദ്യോഗിക വസതിയില് അടക്കം മൂന്നിടത്ത് വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതിയില് ഉണ്ടായിരുന്നത്. പീഡനത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയില് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല് ഇത് സംബന്ധിച്ച തെളിവുകള് കൈമാറാന് പരാതിക്കാരിക്ക് സാധിച്ചിരുന്നില്ല.